|
പുതിയ ബിജെപി ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത നിതിന്‍ നബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'നിതിന്‍ നബിന്‍ ഇനി എന്റെ ബോസ് ആയിരിക്കും, ഞാന്‍ ഒരു പ്രവര്‍ത്തകനും,'' പ്രധാനമന്ത്രി മോദി പറഞ്ഞു. 'ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ(ബിജെപി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിതിന്‍ നബിനെ ഞാന്‍ അഭിനന്ദിക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ സംഭാവന നല്‍കിയ എല്ലാ മുന്‍ അധ്യക്ഷന്മാര്‍ക്കും ഞാന്‍ നന്ദി പറയുന്നു,' അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ദേശീയ അധ്യക്ഷനായി നബിന്‍ ചൊവ്വാഴ്ച ഔദ്യോഗികമായി ചുമതലയേറ്റു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ പിന്‍ഗാമിയായാണ് 45കാരനായ നബിന്‍ ചുമതലയേറ്റെടുത്തത്.
ഈ വര്‍ഷം നടക്കാനിരിക്കുന്ന പ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സംഘടനാ ശക്തിയിലും തലമുറ മാറ്റത്തിലും ബിജെപി ഊന്നല്‍ നല്‍കുന്നതിന്റെ സൂചനയായാണ് നബിന്റെ നിയമനത്തെ വിലയിരുത്തുന്നത്. |