ഭക്ഷണം വൈകിയെന്നാരോപിച്ച് ഹോട്ടലില്‍ അതിക്രമം നടത്തിയ പള്‍സര്‍ സുനി കസ്റ്റഡിയില്‍. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കസ്റ്റഡിയിലാകുന്നത്. സുനിയെ കുറുപ്പുംപടി പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ക്കുകയും ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തതെന്ന് എഫ്‌ഐആറിലുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കും. ഹോട്ടലില്‍ അതിക്രമം നടത്തിയ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക.സുനിയുടേത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. |