|
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെ സ്വീകരിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഷേയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തിയത്. ഹംദാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷേയ്ഖ് ഹംദാന്‍ ഡല്‍ഹിയിലെത്തുന്നത്. സന്ദര്‍ശനത്തിന്റെ ആദ്യദിനം കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിരുന്നൊരുക്കും. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ഷേയ്ഖ് ഹംദാന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
പര്യടനത്തിന്റെ രണ്ടാം ദിവസമായ 9ന് ഷേയ്ഖ് ഹംദാന്‍ മുംബൈ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളിലെയും പ്രമുഖ ബിസിനസുകാരുമായുള്ള ബിസിനസ് റൗണ്ട് ടേബിളിലും അദ്ദേഹം പങ്കെടുക്കും. സുപ്രധാന മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി പ്രധാന രാജ്യാന്തര പങ്കാളികളുമായി തന്ത്രപരമായ സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതായിരിക്കും ഈ സന്ദര്‍ശനം. |