|
ഗസയിലെ ഹമാസ് നേതാവും 2023 ല്‍ ഇസ്രയേല്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യഹ്യ സിന്‍വാറിന്റെ സഹോദരനുമായ മുഹമ്മദ് സിന്‍വാറിനെ ഇസ്രയേല്‍ സൈന്യം വധിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ മാസം 13 ന് തെക്കന്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രണത്തിലാണ് മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു പാര്‍ലമെന്റ് പ്ലീനറി സെഷനില്‍ പറഞ്ഞു.
മെയ് 18 ന്, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) തകര്‍ത്ത തുരങ്കത്തില്‍ മുഹമ്മദ് സിന്‍വാറിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ പരിസരത്ത് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഏറ്റവും ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ലക്ഷ്യമിട്ടിരുന്നു. ആശുപത്രിയുടെ അണ്ടര്‍ഗ്രൗണ്ട് സൗകര്യങ്ങള്‍ ഹമാസ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. സിന്‍വാറിന്റെ സഹായികളായ പത്ത് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. |