ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വംശീയതയും സുരക്ഷാ പ്രശ്നങ്ങളും രൂക്ഷമാകുകയാണെന്ന് ഇന്ത്യന്‍ വംശജന്‍. മികച്ച ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ അയര്‍ലന്‍ഡിനെ പ്രശംസിച്ച എനിക്കിപ്പോള്‍ മാറ്റി പറയേണ്ടിവന്നു. വംശീയതയെയും സുരക്ഷാ പ്രശ്നങ്ങളും ഇന്ന് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളാണ് ഇപ്പോള്‍ അയര്‍ലന്‍ഡില്‍ സംഭവിക്കുന്നതെന്ന് ദക്ഷ് എന്നയാള്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ഇവിടെ എത്തിയപ്പോള്‍ ഇത് എത്ര അത്ഭുതകരമായ ഒരു രാജ്യമാണെന്ന് എപ്പോഴും എനിക്ക് തോന്നുമായിരുന്നു. അങ്ങനെയാണ് കരുതിയത്. ഇന്നിപ്പോള്‍ വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ് നടക്കുന്നത്. അയര്‍ലന്‍ഡ് സുരക്ഷിതമല്ല . വീട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കാനാവില്ല. മൂന്ന് വര്‍ഷം മുന്‍പ് ഇവിടെ എത്തിയപ്പോള്‍ ഇവിടുത്തെ നാട്ടുകാരുമായി അടുത്തു, സുഹൃത്തുക്കള്‍ ഉണ്ടാകുകയും ചെയ്തു. പക്ഷേ ഈ സ്ഥലം ഇപ്പോള്‍ നായ്ക്കളുടെ കൈകളിലേക്ക് എത്തുകയാണെന്ന് ദക്ഷ് പോസ്റ്റിലൂടെ പ്രതികരിച്ചു.
അയര്‍ലന്‍ഡിലേക്ക് എത്താന്‍ മുന്‍പ് മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ സമീപകാല സംഭവങ്ങള്‍ ഈ ധാരണ മാറ്റിമറിച്ചു. ഇവിടെ വന്ന് ജീവിക്കാന്‍ ഞാന്‍ നേരത്തെ ആളുകളോട് പറയുമായിരുന്നു. ജീവിത നിലവാരം അതിശയകരമാണ്, ആളുകള്‍ സാധാരണയായി ഏറ്റവും ദയയുള്ളവരാണ് എന്നതൊക്കെയായിരുന്നു കാരണം. അയര്‍ലന്‍ഡിന് പകരം ജര്‍മനി, യുകെ, യുഎസ് രാജ്യങ്ങള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്. വംശീയവാദികള്‍ ഇപ്പോഴും ഒരു ന്യൂനപക്ഷമായിരിക്കാം, പക്ഷേ ഇപ്പോള്‍ അവരും അപകടകാരികളാണെന്ന് ദക്ഷ് പറഞ്ഞു. അയര്‍ലന്‍ഡിലെ ജീവിതത്തിലെ ആശങ്കയ്ക്ക് എന്താണ് കാരണമെന്ന ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ദക്ഷ് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചത്. സമീപകാല സംഭവങ്ങളില്‍ തനിക്ക് പരിക്കൊന്നും സംഭവിച്ചില്ലെങ്കിലും മറ്റ് ഇന്ത്യക്കാര്‍ നേരിട്ട പ്രശ്‌നങ്ങള്‍ നടുക്കുന്നതായിരുന്നു. എനിക്കിപ്പോള്‍ കുഴപ്പമില്ല, ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലാത്തതില്‍ ഞാന്‍ സാധാരണയായി പോകുന്നു.
പക്ഷേ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഞെട്ടിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നതിന് പകരം ആക്രമണത്തെ ന്യായീകരിക്കുന്ന ആളുകളാണ് ഇന്നുള്ളത്. കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുകയും മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് ദക്ഷ് കുറിച്ചു. യുവാവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ദിവസങ്ങള്‍ക്ക് ഇന്ത്യന്‍ യുവാവിന് അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ കടുത്ത വംശീയ ആക്രമണവും മര്‍ദനവും ഏല്‍ക്കേണ്ടിവന്നിരുന്നു. ഡബ്ലിനിലെ ടാലാഗ്റ്റില്‍ വച്ചാണ് 40കാരനായ യുവാവിനെ ഒരു കൂട്ടം അക്രമികള്‍ ചേര്‍ന്ന് നഗ്‌നനാക്കി മര്‍ദിച്ചത്. ജൂലായ് 19 ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ പാര്‍ക്ക്ഹില്‍ റോഡിലായിരുന്നു ഞെട്ടിക്കുന്ന സംഭവം.