ലണ്ടന്‍: സ്ഥലമോ വീടോ ഒക്കെ വാങ്ങുന്നതിന് മുമ്പ് നന്നായി ചിന്തിക്കണമെന്നും ശ്രദ്ധിക്കണമെന്നും പറയാറുണ്ട്. കാരണം, നമ്മുടെ ജീവിതത്തിലെ സമ്പാദ്യത്തിലേറെയും നല്‍കിയായിരിക്കും മിക്കവാറും പലരും വീട് വാങ്ങുന്നത്. എന്തായാലും, അതുപോലെ തങ്ങളുടെ സ്വപ്നഭവനം വാങ്ങിയവരാണ് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ദമ്പതികളായ ചാള്‍സും പട്രീഷ്യ ലെസ്റ്ററും. എന്നാല്‍, അവരുടെ ഈ സ്വപ്നഭവനം പിന്നീട് ഒരു പേടിസ്വപ്നമായി മാറുകയായിരുന്നു. 1971 -ലാണ്, ദമ്പതികള്‍ വെയില്‍സില്‍ വെറും 9,000 പൗണ്ടിന് (ഏകദേശം 10.5 ലക്ഷം രൂപ) ലാന്‍ഫോയിസ്റ്റ് ഹൗസ് എന്ന ഈ വീട് വാങ്ങിയത്. എന്നാല്‍, ഇപ്പോള്‍ 1.2 മില്യണ്‍ പൗണ്ട് (14 കോടിയിലധികം രൂപ) വിലമതിക്കുന്ന ഈ വസ്തു വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദമ്പതികളുള്ളത്. വീട് മോശമായതുകൊണ്ടല്ല ഇത്, മറിച്ച് സമീപത്തുള്ള ഒരു കനാല്‍ കാരണം ഇവിടെ ആവര്‍ത്തിച്ചുണ്ടാകുന്ന മണ്ണിടിച്ചിലാണ് വില്ലന്‍. വര്‍ഷങ്ങളായി വളരെ ചെറിയ കാശിന് പോലും വീട് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
1690 -ല്‍ നിര്‍മ്മിച്ച ഈ ചരിത്രപ്രസിദ്ധമായ 20 മുറികളുള്ള എസ്റ്റേറ്റ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് തെക്കന്‍ അബര്‍ഗാവെന്നിയിലെ മോണ്‍മൗത്ത്ഷെയറിനും ബ്രെക്കണ്‍ കനാലിനും സമീപത്താണ്. വീട് ഗംഭീരമാണെങ്കിലും, കുത്തനെയുള്ള ചരിവിലൂടെ 70 അടി ഉയരത്തില്‍ നിന്നും ഒഴുകുന്ന കനാല്‍ കാരണം ആകെ പെട്ടിരിക്കയാണ് ചാള്‍സും പട്രീഷ്യയും. വെയില്‍സ് ഓണ്‍ലൈനിന്റെ ഒരു റിപ്പോര്‍ട്ട് പറയുന്നത്, വര്‍ഷങ്ങളായി ഒന്നിലധികം വെള്ളപ്പൊക്കങ്ങളും മണ്ണിടിച്ചിലുകളും ഇവിടെ ഉണ്ടായിട്ടുണ്ട് എന്നാണ്. അതില്‍ തന്നെ, 1975 -ലും 2014 -ലുമാണ് ഭീകരമായ അപകടങ്ങളുണ്ടായത്. അതില്‍ത്തന്നെ 1975 -ലെ മണ്ണിടിച്ചില്‍ കൂടുതല്‍ അപകടകരമായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേക്കുറിച്ച് ദമ്പതികള്‍ പറയുന്നത് ഇങ്ങനെയാണ്, 'ഒരു ഭീകരശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടത് കുത്തിയൊഴുകി വരുന്ന വെള്ളമാണ്. ഏകദേശം 20,000 ടണ്‍ വെള്ളവും, മരങ്ങളും, കല്ലുകളും ഇടിഞ്ഞുവീണു. ഭാഗ്യം കൊണ്ട്, വലിയ മരങ്ങള്‍ ആദ്യം വീണു, അവയുടെ വേരുകള്‍ ഒരു മതിലില്‍ ഇടിച്ചുനിന്ന് ഒരു അണക്കെട്ട് പോലെയായി. അതാണ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചത്' എന്നാണ്. ഭയത്തിലാണ് ഇപ്പോഴും ദമ്പതികളുടെ ജീവിതം. ഈ ഭയം തങ്ങളില്‍ മാനസികവും ശാരീരികവുമായ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കി എന്നും ഇവര്‍ പറയുന്നു. കനാല്‍ കൈകാര്യം ചെയ്യുന്ന കനാല്‍ ആന്‍ഡ് റിവര്‍ ട്രസ്റ്റിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നാണ് ലെസ്റ്റേഴ്സ് ദമ്പതികള്‍ പറയുന്നത്. ട്രസ്റ്റിനെതിരെ അവര്‍ ക്ഷ100,000 (1,16,68,820 രൂപ) ആവശ്യപ്പെട്ട് പരാതി ഫയല്‍ ചെയ്തിരുന്നു. പക്ഷേ, കേസ് പരാജയപ്പെടുകയായിരുന്നു.