മാഞ്ചസ്റ്റര്‍: ബലാത്സംഗ ആരോപണത്തില്‍ പാക്കിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് താരം യുകെയില്‍ അറസ്റ്റിലായി. പാക്കിസ്ഥാന്‍ 'എ' ടീമംഗം അംഗം ഹൈദര്‍ അലിയാണ് അറസ്റ്റിലായത്. പാക്കിസ്ഥാന്‍ 'എ' ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. പെണ്‍കുട്ടി നല്‍കിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഹൈദര്‍ അലിയെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 3ന് യുകെയിലെ ബെക്കന്‍ഹാം ഗ്രൗണ്ടില്‍ വച്ച് 'എംസിഎസ്എസി' ടീമിനെതിരെ കളിക്കുന്നതിനിടെയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ഹൈദര്‍ അലിയെ അറസ്റ്റ് ചെയ്തതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ഹൈദറിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്ത ശേഷമാണ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചത്. ''കേസിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും ഞങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഞങ്ങള്‍ ഹൈദറിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യുകെയില്‍ ഞങ്ങള്‍ സ്വന്തം നിലയിലും അന്വേഷണം നടത്തും.'' - പിസിബി വക്താവ് പറഞ്ഞു.
ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 6 വരെ യുകെയില്‍ പര്യടനം നടത്തിയ പാക്കിസ്ഥാന്‍ 'എ' ടീമായ ഷഹീന്‍സ് രണ്ട് ത്രിദിന മത്സരങ്ങളാണ് കളിച്ചത്. ക്യാപ്റ്റന്‍ സൗദ് ഷക്കീലും ഹൈദര്‍ അലിയും ഒഴികെയുള്ള മിക്ക കളിക്കാരും ബുധനാഴ്ച യുകെയില്‍നിന്ന് മടങ്ങി. 24 കാരനായ ഹൈദര്‍ പാക്കിസ്ഥാനു വേണ്ടി രണ്ട് ഏകദിനങ്ങളും 35 ട്വന്റി20 രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2020 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലും പാക്കിസ്ഥാനു വേണ്ടി കളിച്ചു. 2021-ല്‍ അബുദാബിയില്‍ നടന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിസിബി ഹൈദറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.