ബ്ലാക്ക്പൂള്‍: ലഹരിവില്‍പന നടത്തുന്ന സംഘത്തെ പിടികൂടാന്‍ സഹായിച്ച തത്തയുടെ വിഡിയോ പുറത്തുവിട്ട് ലങ്കാഷര്‍ പൊലീസ്. '25ന് രണ്ട്' എന്ന് ലഹരിസംഘം ഉപയോഗിക്കുന്ന കോഡ് തത്ത പറയുന്നതാണ് പൊലീസിനെ സഹായിച്ചത്. തത്തയില്‍നിന്ന് ലഭിച്ച കോഡും പൊലീസ് ശേഖരിച്ച മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ 15 പേര്‍ പിടിയിലായി. കേസിന് ആസ്പദമായ സംഭവം നടന്നത് ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളിലാണ്. ബ്ലാക്ക്പൂളിലെ ചില വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഹെറോയിന്‍, കൊക്കെയ്ന്‍, പണം, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. അന്വേഷണത്തില്‍ ജയിലില്‍ കഴിയുന്ന ആദം ഗാര്‍നെറ്റ് (35) ആണ് ഈ ലഹരിവില്‍പന ശൃംഖല നിയന്ത്രിച്ചിരുന്നതെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇയാളെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച മൊബൈല്‍ ഫോണിലാണ് കോഡ് ഉപയോഗിച്ച് സംസാരിക്കുന്ന തത്തയുടെ ദൃശ്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് ലഹരിവില്‍പനയുടെ കോഡാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ആദത്തിന്റെ കാമുകിയുടെ വളര്‍ത്തുതത്തയായ മാംഗോ, ലഹരിവില്‍പനയിലൂടെ ലഭിക്കുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി. ഫോണിലെ പരിശോധനയില്‍ ആദത്തിന്റെ പ്രധാന കൂട്ടാളികളായ കാമുകി ഷാനന്‍ ഹില്‍ട്ടണ്‍ (29), ദല്‍ബീര്‍ സന്ധു (41), ജേസണ്‍ ജെറാന്‍ഡ് (50) എന്നിവരുടെ വിവരവും പൊലീസിന് ലഭിച്ചു.
തുടര്‍ന്ന് ഇവരെ പിടികൂടിയ പൊലീസിന് ഷാനന്‍ ഹില്‍ട്ടന്റെ ഫോണില്‍നിന്നാണ് തത്ത '25 ന് രണ്ട്' എന്ന് ലഹരിമരുന്ന് ഇടപാടുകാരുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന കോഡ് ഉപയോഗിക്കുന്ന വിഡിയോ ലഭിച്ചത്. ദല്‍ബീര്‍ സന്ധുവിന്റെ ഫോണില്‍നിന്ന് ലഹരിമരുന്ന് ഇടപാടുകളുടെ വിശദമായ രേഖകള്‍, വിലവിവരപ്പട്ടിക, ഇടപാട് കുറിപ്പുകള്‍ എന്നിവ ലഭിച്ചു. കൂടാതെ, ലഹരികടത്തിന് സാധ്യതയുള്ള ഇരകളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന 'കൗണ്ടി ലൈന്‍സ്' എന്ന രീതിയുടെ വിവരങ്ങളും കണ്ടെത്തി. ആദം ഗാര്‍നെറ്റ് ജയിലിനുള്ളില്‍നിന്ന് സംഘാംഗങ്ങളുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സംഘാംഗമായ ഗാരത്ത് ബര്‍ഗസിന്റെ ഫോണില്‍, വന്‍തോതില്‍ കറന്‍സിയുമായി ബ്ലാക്ക്പൂളിലൂടെ നടക്കുന്നതിന്റെയും തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് റാപ്പ് പാടുന്നതിന്റെയും വിഡിയോകളും ഉണ്ടായിരുന്നു. 2023 ഫെബ്രുവരി മുതല്‍ 2024 ജൂലൈ വരെ നടത്തിയ കുറ്റകൃത്യങ്ങളില്‍ പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ 15 പേരും കുറ്റം സമ്മതിച്ചു. ഇവര്‍ക്ക് ആകെ 103 വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചു. ലങ്കാഷര്‍ പൊലീസിന്റെ 'ഓപ്പറേഷന്‍ വാരിയര്‍' എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഈ ക്രിമിനല്‍ സംഘത്തെ കണ്ടെത്തിയതെന്ന് ക്രൈം കമ്മിഷണര്‍ ക്ലൈവ് ഗ്രുന്‍ഷോ പറഞ്ഞു.