|
അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്തിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡറുകളില്‍ നിന്നുള്ള ഡാറ്റ ഉടന്‍ പുറത്തുവിടണമെന്ന ആവശ്യവുമായി രംഗത്ത്. ഇക്കാര്യം അവര്‍ ഔദ്യോഗികമായി തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായ കാലതാമസം അന്വേഷണത്തിലുള്ള പൊതുജനവിശ്വാസത്തെ ഗുരുതരമായി തകര്‍ക്കുന്നു എന്നാണ് അവരുടെ വാദം.
വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകളില്‍ ഒന്ന് അപകടം നടന്ന് 28 മണിക്കൂറിനുള്ളില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും, രണ്ടാമത്തേത് വീണ്ടെടുക്കാന്‍ മൂന്ന് ദിവസമെടുത്തു. രണ്ടും ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഡാറ്റ വീണ്ടെടുക്കലിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കോക്ക്പിറ്റ് ഓഡിയോയും 49 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡാറ്റയും ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൈലറ്റുമാരുടെ സംഭാഷണങ്ങളില്‍ നിന്ന് വിമാനം എത്ര ഉയരത്തിലായിരുന്നു, വായുവേഗത, തുടങ്ങിയ നിര്‍ണായക ഡാറ്റ ബ്ലാക്ക് ബോക്‌സുകളില്‍ നിന്നാണ് ലഭിക്കുന്നത്. ഇത് അപകടത്തിന്റെ കാരണം കണ്ടു പിടിക്കാന്‍ അന്വേഷകരെ സഹായിക്കും. അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ക്കനുസൃതമായി, അപകടത്തിന് ഒരു മാസത്തിനുശേഷം, ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ ഒരു പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. |