ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരായി നടന്ന ഗുരുതരമായ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കി. വാട്ടര്‍ഫോര്‍ഡില്‍ ആറു വയസ്സുകാരിയായ മലയാളി പെണ്‍കുട്ടി നേരിട്ട ക്രൂരമായ ആക്രമണം പ്രത്യേകിച്ച് പരാമര്‍ശിച്ച സൈമണ്‍ ഹാരിസ് അതിനെ 'ഭീകരവും ഹൃദയഭേദകവുമായ സംഭവം' എന്നാണ് വിശേഷിപ്പിച്ചത്.
അയര്‍ലന്‍ഡില്‍ ഏകദേശം 80,000 ഇന്ത്യന്‍ വംശജര്‍ താമസിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഇന്ത്യാക്കാരില്ലാതെ നിലനില്‍പില്ലെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഇന്ത്യന്‍ സാന്നിധ്യം നിസ്തുലമാണെന്നും സൈമണ്‍ ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. അയര്‍ലന്‍ഡ് വംശീയതയെ വെറുക്കുന്ന രാജ്യമാണ്. ഇത്തരം സംഭവങ്ങള്‍ കണ്ടാല്‍ അത് തുറന്നുപറഞ്ഞ് അപലപിക്കണം. കുറ്റവാളികളില്‍ പ്രായം കുറഞ്ഞ കുട്ടികളും ഉണ്ടെന്ന കാര്യം ഏറ്റവും ആശങ്കാജനകമാണെന്നും സൈമണ്‍ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നങ്ങളും ആശങ്കകളും നേരിട്ട് കേള്‍ക്കുന്നതിനായി സൈമണ്‍ ഹാരിസ് ഇന്ന് അയര്‍ലന്‍ഡ്-ഇന്ത്യ കൗണ്‍സിലിന്റെ പ്രതിനിധികളെ കാണും. നാളെ ഇന്ത്യന്‍ എംബസിയുടെ പ്രതിനിധികളുമായും കമ്മ്യൂണിറ്റി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ 22 ദിവസത്തിനിടെ ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് പ്രദേശങ്ങളില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നടന്ന അഞ്ച് പ്രധാന ആക്രമണങ്ങളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നാണ് ഗാര്‍ഡ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതേ വരെ പ്രതികളായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Disclaimer : വാര്‍ത്തയുടെ കൂടെയുള്ള ചിത്രം യുകെ മലയാളം പത്രത്തിന്റേത് അല്ല. ചിത്രം DeputySimonHarris എന്ന fb അക്കൗണ്ടില്‍ നിന്ന്