പെര്‍ത്ത്: അമിതമായി മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍ 51കാരന്‍ മരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് വനിത കുറ്റമേറ്റു. അനുവദനീയമായതിലും അധികം മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയിലെ കോടതി മുന്‍പാകെ യുവതി കുറ്റമേറ്റത്. ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് വനിത അലീസിയ കെംപ് (25) വിധി കാത്ത് ഓസ്‌ട്രേലിയയില്‍ തടവില്‍ കഴിയുകയാണ്.
സുഹൃത്തിനൊപ്പമാണ് ഇവര്‍ മെയ് മാസം ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ എത്തിയത്. ഇവിടെ ഒരു ബാറില്‍ കയറി അമിതമായി മദ്യപിച്ച അലീസിയയെയും സുഹൃത്തിനെയും ഇവിടെ നിന്നും പുറത്താക്കി. പിന്നീട് ഇരുവരും ഇലക്ട്രിക് സ്‌കൂട്ടറുമായി മുന്നോട്ട് പോയി. വഴിമധ്യേ റോഡ് മുറിച്ചുകടക്കാന്‍ റോഡരികില്‍ കാത്തുനിന്ന 51കാരനായ തന്‍ ഫാനെ ഇവര്‍ ഇടിച്ചിട്ടു. ഈ സമയത്ത് 20-25 കിലോമീറ്റര്‍ വേഗതയിലാണ് ഇവര്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. എന്നാല്‍ റോഡില്‍ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ തന്‍ ഫാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്നാം നാള്‍ മരിച്ചു.
അലീസിയയുടെ സുഹൃത്തിന് അപകടത്തില്‍ തലയ്ക്കും മൂക്കിനും പരിക്കേറ്റു. ഇവര്‍ പിന്നീട് ആശുപത്രി വിട്ടു. ഇന്ന് കോടതി മുന്‍പാകെ ഓണ്‍ലൈനായി ഹാജരായപ്പോള്‍ സംഭവത്തില്‍ താന്‍ കുറ്റക്കാരിയാണെന്ന് അലീസിയ സമ്മതിച്ചു. പരമാവധി 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ഏറ്റിരിക്കുന്നത്. ഡിസംബറിന് മുന്‍പ് അലീസിയയുടെ കേസില്‍ വിധി വരുമെന്നാണ് കരുതുന്നത്. അതുവരെ അവര്‍ തടവില്‍ കഴിയും. സിവില്‍ എഞ്ചിനീയറായിരുന്ന തന്‍ ഫാന് രണ്ട് മക്കളുണ്ട്.