നോര്‍ത്താംപ്ടണ്‍: ബ്രിട്ടനിലെ ഇന്ത്യന്‍-ബംഗ്ലദേശി ഭക്ഷണം ലഭിക്കുന്ന റസ്റ്ററന്റിലെത്തി നാല് യുവാക്കള്‍ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന് പരാതി. നോര്‍ത്താംപ്ടണിലെ സാഫ്രണ്‍ റസ്റ്ററന്റില്‍ ആയിരുന്നു സംഭവം. ചപ്പാത്തിയും റൈസും മട്ടന്‍ ചാപ്‌സും ചിക്കന്‍ വിഭവങ്ങളും ഉള്‍പ്പടെ കഴിച്ച നാലുപേര്‍ക്കുമായി 197.30(ഏകദേശം 23,451 ഇന്ത്യന്‍ രൂപ) പൗണ്ടാണ് ബില്ലിനത്തില്‍ വന്നത്. എന്നാല്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് പിന്നാലെ ബില്‍ ലഭിക്കുന്നത് കാത്തുനില്‍ക്കാതെ യുവാക്കള്‍ സ്ഥലം വിടുകയായിരുന്നു. സിസിടിവിയില്‍ നിന്നും കാണുന്ന ദൃശ്യങ്ങളില്‍ നിന്നും യുവാക്കള്‍ തദ്ദേശീയര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. റസ്റ്ററന്റിലെ സുരക്ഷാ ജീവനക്കാരനെ തട്ടിമാറ്റിയിട്ടാണ് യുവാക്കളുടെ സംഘം കടന്നുകളഞ്ഞത്. ഓഗസ്റ്റ് 4ന് രാത്രി 10 മണിക്ക് ശേഷമായിരുന്നു സംഭവം. റസ്റ്ററന്റ് ഉടമകളാണ് സമൂഹമാധ്യമത്തിലൂടെ യുവാക്കളുടെ വിവരം പുറത്തുവിട്ടത്. 'കഴിഞ്ഞ ദിവസം രാത്രിയില്‍ ഏകദേശം പത്തേകാലോടെ നാല് യുവാക്കള്‍ റസ്റ്റൊറന്റിലെത്തി. ഭക്ഷണം ആസ്വദിച്ച് കഴിച്ച ശേഷം പണം തരാതെ പോയി. ഇത്തരം പെരുമാറ്റം ഒരുതരത്തിലെ മോഷണം എന്നതിലപ്പുറം കഠിനാധ്വാനം ചെയ്ത് ബിസിനസ് നടത്തുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള വെല്ലുവിളി കൂടിയാണ്', എന്നായിരുന്നു കുറിപ്പ്.
വിവരം പൊലീസില്‍ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള കച്ചവടക്കാരും ജാഗ്രതയോടെയിരിക്കണം. ഈ നാല്‍വര്‍ സംഘത്തെ എപ്പോഴെങ്കിലും കണ്ടാല്‍ വിവരം പൊലീസിനെയോ ഞങ്ങളെയോ അറിയിക്കുമല്ലോ'- എന്നും റസ്റ്ററന്റ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇത്തരം രീതികള്‍ക്ക് നമുക്കിടയില്‍ സ്ഥാനമില്ലെന്ന് ഉറപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പരസ്പരം സംരക്ഷിച്ചും ഇത്തരക്കാരെ ഒറ്റപ്പെടുത്തിയും മുന്നോട്ടു പോകണമെന്നും റസ്റ്ററന്റ് ഉടമകള്‍ പറഞ്ഞു. സംഭവത്തില്‍ നോര്‍ത്താംപ്ടണ്‍ ഷര്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ വിവരങ്ങള്‍ അറിയിക്കുവാനും പൊലീസ് അഭ്യര്‍ഥിച്ചു.