ദോഹ/ലണ്ടന്‍: ലോകത്തെ പ്രധാന റിയല്‍ എസ്റ്റേറ്റ് വ്യവസായികളാണ് ഖത്തര്‍ രാജകുടുംബാംഗങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തും ഇവര്‍ക്ക് സ്വത്തുക്കളുണ്ട്. ഖത്തര്‍ ഭരണകൂടം നടത്തുന്ന വിദേശ നിക്ഷേപങ്ങള്‍ക്ക് പുറമെ, രാജകുടുംബത്തിലുള്ളവര്‍ സ്വന്തമായും വിദേശത്ത് ആസ്തികള്‍ വാങ്ങുന്നുണ്ട്. ലണ്ടന്‍ നഗരത്തിന്റെ വലിയൊരു ഭാഗം ഇപ്പോള്‍ ഖത്തര്‍ രാജകുടുംബമായ അല്‍ത്താനിമാരുടെ കൈവശമാണ്. ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്വകാര്യ സ്വത്തിനേക്കാള്‍ ആസ്തി ലണ്ടനില്‍ അല്‍ത്താനിമാര്‍ക്ക് ഉണ്ടത്രെ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ലണ്ടനില്‍ സ്വത്തുക്കളുണ്ട് എന്ന് ജിബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനിലെ മെയ്ഫയര്‍ ഇപ്പോള്‍ കൊച്ചു ദോഹ എന്നാണ് അറിയപ്പെടുന്നത്.
ഹാരോദ്സിന്റെ പൂര്‍ണ ഉടമസ്ഥത ഖത്തര്‍ രാജകുടുംബത്തില്‍പ്പെട്ടവര്‍ക്കാണ്. ആഡംബര ഹോട്ടലുകളായ ബെര്‍ക്കെലെ, ക്ലാരിഡ്ജ്, കൊണാട്ട് എന്നിവയുടെ എല്ലാം ഉടമസ്ഥര്‍ ഖത്തറില്‍ നിന്നുള്ളവരാണ്. മെയ്ബൗണ്‍ ഹോട്ടല്‍ നടത്തുന്നത് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍ത്താനിയാണ്. യൂറോപ്പിലെ ഏറ്റവും വലിയ കെട്ടിടമായ ദി ഷാര്‍ദിന്റെ 95 ശതമാനം ഉടമസ്ഥാവകാശം അല്‍ത്താനിമാര്‍ക്കാണ്. ലണ്ടനിലെ പ്രധാന ബിസിനസ് കേന്ദ്രമായ കനാരി വാര്‍ഫിന്റെ ഉടമസ്ഥരിലും അല്‍ത്താനിമാരുണ്ട്. പ്രശസ്തമായ ഹീബ്രു വിമാനത്താവളത്തിന്റെ 20 ശതമാനം ഓഹരി ഖത്തറിനാണ്. പ്രതിവര്‍ഷം എട്ട് കോടിയോളം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളമാണിത്. ബ്രിട്ടനിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സയ്ന്‍സ്ബറിയുടെ 14.3 ശതമാനം ഓഹരിയും ഖത്തറിന്റേതാണ്.