ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ബസ് സ്റ്റോപ്പില്‍ വച്ച് കൗമാരക്കാരില്‍ നിന്ന് തനിക്ക് വംശീയ അധിക്ഷേപം നേരിട്ടതായി ഇന്ത്യന്‍ യുവാവ് വെളിപ്പെടുത്തി. റെഡ്ഡിറ്റിലൂടെയാണ് 22 വയസ്സുകാരനായ പേര് വെളിപ്പെടുത്താത്ത യുവാവ് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ തന്നെ ഐറിഷ് കൗമാരക്കാര്‍ വംശീയമായും ശാരീരികമായും ആക്രമിച്ചു. രണ്ട് ഐറിഷ് പൗരന്മാരും ബ്രൗണ്‍ നിറമുള്ള ഒരാളും അന്നേരം ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ആരും തനിക്ക് വേണ്ടി പ്രതികരിച്ചില്ലെന്നും യുവാവ് പറയുന്നു. ഈ പോരാട്ടത്തില്‍ നമ്മള്‍ ഓരോരുത്തരും തനിച്ചാണ്. ധൈര്യമായിരിക്കൂ എന്നാണ് യുവാവ് പോസ്റ്റില്‍ പറയുന്നത്.
അടുത്തിടെ അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അയര്‍ലന്‍ഡിലെ ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. അതേസമയം, അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അവരുടെ വ്യക്തിഗത സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ എടുക്കണം. വിജനമായ പ്രദേശങ്ങളില്‍ തനിച്ചുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നതായി എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു