ലണ്ടന്‍: ബ്രിട്ടനിലെ ഒന്നാം കിരീടാവകാശിയായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും വിന്‍സര്‍ ഗ്രേറ്റ് പാര്‍ക്കിലെ പുതിയ വസതിയിലേക്ക് താമസം മാറ്റുന്നു. വിന്‍സര്‍ കൊട്ടാരത്തിനു സമീപമുള്ള എട്ട് മുറികളോടുകൂടിയ ഫോറസ്റ്റ് ലോഡ്ജിലാകും ഇനി രാജകുമാരന്റെയും കുടുംബത്തിന്റെയും താമസം. മക്കളായ ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയിസ് എന്നിവരും ഇനി ഇവിടെയാകും താമസിക്കുക. 4,800 ഏക്കര്‍ വിസ്തൃതിയുള്ള വിന്‍സര്‍ ഗ്രേറ്റ് പാര്‍ക്കിന്റെ മധ്യത്തിലായാണ് ഫോറസ്റ്റ് ലോഡ്ജ് എന്ന പേരിലുള്ള ഈ ആഡംബര വസതി സ്ഥിതി ചെയ്യുന്നത്.
കാസില്‍ ഗ്രൗണ്ടിലെ അഡ്‌ലൈഡ് കോട്ടേജിലായിരുന്നു 2022 മുതല്‍ ഇരുവരും താമസിച്ചിരുന്നത്. ഇവിടെ വച്ച് കാന്‍സര്‍ രോഗം പിടിപെട്ട കെയ്റ്റ് രാജകുമാരി 18 മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് പുതിയ തുടക്കമെന്നോണം പുതിയ സ്ഥലത്തേക്ക് താമസം മാറുന്നത്. ഒന്നാം കിരീടാവകാശിക്ക് അവകാശപ്പെട്ട താമസസ്ഥലമാണ് ഫോറസ്റ്റ് ലോഡ്ജ്. ചാള്‍സ് മൂന്നാമന്‍ രാജാവായി ചുമതലയേറ്റതു മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഈ വീട്ടിലേക്കുള്ള മാറ്റം പുതിയ ഒരധ്യായത്തിന്റെ തുടക്കമാണെന്നാണ് കൊട്ടാരം വൃത്തങ്ങള്‍ പറയുന്നത്.
2022 വരെ കെന്‍സിങ്ടന്‍ കൊട്ടാരലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പിന്നീട് കൂടുതല്‍ സ്വകാര്യത തേടിയാണ് ഇരുവരും കേവലം നാല് കിടപ്പുമുറികള്‍ മാത്രമുള്ള അഡ്‌ലൈഡ് കോട്ടേജിലേക്ക് താമസം മാറ്റിയത്. രാജകുമാരന്റെ ഔദ്യോഗിക ഓഫിസ് ഇപ്പോഴും കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ തന്നെയാണ്. നോര്‍ഫോക്കിലെ അന്‍മേര്‍ ഹാളില്‍ ഇരുവര്‍ക്കും മറ്റൊരു വസതി കൂടിയുണ്ട്. വേനല്‍ക്കാല വസതിയായാണ് ഇത് കണക്കാക്കുന്നത്. വേനല്‍ക്കാലത്ത് കുട്ടികളോടൊപ്പം ഇവിടെയാണ് വില്യം രാജകുമാരന്‍ ഏറെ സമയവും ചെലവഴിക്കുന്നത്.