Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡിലെ വംശീയാധിക്ഷേപം ഞെട്ടിച്ചു, അനുഭവം പറഞ്ഞ് നടന്‍
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വംശീയാധിക്ഷേപത്തോടെയുള്ള ആക്രമണം എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയിയെന്ന് 20 വര്‍ഷത്തിലേറെയായി കുടുംബസമേതം അയര്‍ലന്‍ഡില്‍ താമസിക്കുന്ന തെന്നിന്ത്യന്‍ നടന്‍ സ്വരൂപ്. ഇന്നുവരെ ഒരു ഇന്ത്യക്കാരനും ഐറിഷ് ജനതയില്‍ നിന്നും ശാരീരികാക്രമണം നേരിട്ടുവെന്നൊരു വാര്‍ത്ത ഞങ്ങള്‍ കേട്ടിട്ടില്ലെന്ന് സ്വരൂപ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ' ഭൂമിയിലെ സ്വര്‍ഗമായ ഇന്ത്യയെപോലെ ഞാനിഷ്ടപ്പെടുന്ന മറ്റൊരു രാജ്യമാണ് അയര്‍ലന്‍ഡും. കാരണം ഇന്ന് എനിക്കും എന്റെ കുടുംബത്തിനുമുള്ള ശ്രേയസ്സിനും ഐശ്വര്യത്തിനും മനഃസമാധാനത്തിനും എല്ലാം കാരണമായി തീര്‍ന്നത് അയര്‍ലന്‍ഡിന്റെ സംഭാവനകളാണ്. ഞങ്ങള്‍ ഇവിടെ വരുന്ന കാലത്ത് വളരെ കുറച്ച് ഇന്ത്യാക്കാരും തുച്ഛമായ മലയാളി സമൂഹങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും ഞങ്ങളെ മാറ്റി നിര്‍ത്തിയിരുന്നില്ല ചേര്‍ത്തു പിടിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.എന്റെ ഐറിഷ് സുഹൃത്തുക്കള്‍ക്ക് സ്പൈസിയായ കേരള ഭക്ഷണങ്ങള്‍ ഞാന്‍ വിളമ്പിയിരുന്നു അവര്‍ അത് ആസ്വദിച്ചു കഴിച്ചിരുന്നു. അന്ന് കേരളവുമായോ ചെന്നൈയുമായോ ബന്ധപ്പെടാന്‍ ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വളരെ

കുറവായിരുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും അകന്നു കഴിയുമ്പോള്‍ ഏകാന്തത ഇല്ലാതെ നിലനിര്‍ത്തിയിരുന്നത് ഈ നാട്ടിലെ നല്ല ആളുകളുടെ സഹകരണം ഒന്നുകൊണ്ടു മാത്രമാണ്. വളരെ അധികം മാന്യതയോടെ ഇടപെടുന്ന സമൂഹമാണ് ഐറിഷ് ജനത. വെപ്രാളമില്ലാതെ ഒതുക്കത്തോടെയാണ് അവര്‍ പൊതു സ്ഥലങ്ങളില്‍ ഇടപെടുക. ഡ്രൈവിങ്ങില്‍ അവരുടെ മാന്യത പ്രത്യേകം എടുത്തു പറയേണ്ടതാണ്. എന്റെ ജീവിതത്തില്‍ ഒട്ടേറെ സ്വാധീനങ്ങള്‍ ചെലുത്തിയവരാണ് ഐറിഷ് സുഹൃത്തുക്കള്‍, ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് പരിചയപ്പെട്ട കീറോണ്‍ ജെ. വാല്‍ഷ് എന്ന ഐറിഷ് സംവിധായകനാണ് എന്നെ ആദ്യമായി അദ്ദേഹത്തിന്റെ സീരീസില്‍ ഇന്ത്യന്‍ കഥാപാത്രമായി ഐറിഷ് ജനതയ്ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. ഐറിഷ് മണ്ണില്‍ ഞങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും ഗൃഹവുമെല്ലാം സ്വന്തമാക്കാനുള്ള അനുമതി ലഭിക്കാനുള്ള കാരണം തന്നെ എന്റെ ഭാര്യ ഐറിഷ് സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയായതുകൊണ്ടു മാത്രമാണ്.

ഒരിക്കല്‍ ഡബ്ലിനില്‍ വച്ച് എന്റെ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ എന്റെ മുഖത്തെ ഭാവവ്യത്യാസത്തില്‍ നിന്നും എന്റെ ദുഃഖം ഊഹിച്ചെടുത്ത് എംഡിയുമായി സംസാരിച്ചു എന്നെ പിടിച്ചു നിര്‍ത്തിയ ജെറി എന്ന ഐറിഷ് യുവ സുഹൃത്തിനെ എങ്ങിനെ വിസ്മരിക്കാനാകും. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാത്ത സന്ദര്‍ഭങ്ങളില്‍ പിതാവിന്റെയോ, സഹോദരന്റെയോ, സുഹൃത്തിന്റെയോ സ്ഥാനത്ത് നിന്ന് എന്നെ കൈപിടിച്ചുയര്‍ത്തിയ ഐറിഷ് ആളുകളോടുള്ള നന്ദിയും കടപ്പാടും ഒറ്റവാക്കില്‍ ഒതുക്കാന്‍ കഴിയില്ല. ഭാരതവുമായി വര്‍ഷങ്ങളുടെ ബന്ധങ്ങള്‍ ഉണ്ട് അയര്‍ലന്‍ഡിന് സ്വാമി വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി അയര്‍ലന്‍ഡുകാരിയായ മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന ഐറിഷ് യുവതി ഭാരതത്തിലേക്ക് വരുകയും 'ഭഗിനി നിവേദിത' എന്ന പേര് സ്വീകരിച്ചു ഭാരതീയയായി ജീവിച്ചു മരിക്കുകയും ചെയ്തു.

നമ്മളെ പോലെ തന്നെ ബ്രിട്ടിഷ് ഭരണത്തില്‍ നിന്നും മോചനം നേടിയ രാജ്യമാണ് അയര്‍ലന്‍ഡും ആ ഒരു സ്‌നേഹവും ഭാരതീയരോട് ഐറിഷ് ജനതയ്ക്കുണ്ട്. എന്നെ സംബന്ധിച്ച് അയര്‍ലന്‍ഡ് ജീവിക്കാന്‍ വളരെ നല്ല സ്ഥലമാണ്. എന്റെ സഹതീര്‍ഥ്യര്‍ പലരും വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ അമേരിക്കയിലേക്കും, കാനഡയിലേക്കും , ഓസ്ട്രേലിയയിലേക്കുമൊക്കെ ചേക്കേറിയപ്പോള്‍ അവര്‍ ഞങ്ങളോടും അങ്ങോട്ട് പോരാന്‍ പറഞ്ഞു. എന്നാല്‍ എന്റെ ഒരാളുടെ നിര്‍ബന്ധം കാരണമാണ് ഞങ്ങള്‍ മറ്റെങ്ങോട്ടും പോകാതെ അയര്‍ലന്‍ഡില്‍ തന്നെ വീടുവച്ചു താമസിച്ചത്. അതിനുള്ള കാരണം ഞാന്‍ ഇഷ്ടപ്പെടുന്ന ധാരാളം ഘടകങ്ങള്‍ ഉണ്ടിവിടെ. വളരെ കുറഞ്ഞ ജനസാന്ദ്രത, ആകര്‍ഷകമായ ശമ്പളം, ധാരാളം ഒഴിവുദിവസങ്ങള്‍, പാമ്പ് ,തേള്‍ അതുപോലെയുള്ള ക്ഷുദ്രജീവികളോ , കടുവ , പുലി, വാനരന്മാര്‍, ആന തുടങ്ങിയ വന്യമൃഗങ്ങളോ ഇവിടെയില്ല, പേമാരിയോ ഭയപ്പെടുത്തുന്ന ഇടിമിന്നലോ ഇല്ല, ചീറിപാഞ്ഞുപോകുന്ന വാഹനങ്ങള്‍ ഇല്ല. അങ്ങനെ സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന ഒരു പാട് ഘടകങ്ങള്‍ അയര്‍ലന്‍ഡില്‍ ഉണ്ട്. നവംബര്‍, ഡിസംബര്‍, ജനുവരി എന്നീ മൂന്ന് മാസങ്ങള്‍ അത്യാവശ്യം ശൈത്യകാലമായിരിക്കും അതൊരു ബുദ്ധിമുട്ടായി ഇതുവരെ എനിക്ക് തോന്നിയിട്ടില്ല . ഇതൊക്കെയാണ് ഞാന്‍ അയര്‍ലന്‍ഡ് ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍. പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മാന്യതകള്‍ പാലിച്ചാല്‍ ഒരു കുഴപ്പവും ഈ നാട്ടിലില്ല. അത്യാവശ്യം സഹൃദയരായ മലയാളി സുഹൃത്തുക്കള്‍ പരസ്പരം സഹകരിച്ചുകൊണ്ട് ഞങ്ങളുടെ കൂടെയുമുണ്ട്.

കോവിഡിനുശേഷം കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം യുവാക്കള്‍ അയര്‍ലന്‍ഡില്‍ പഠനത്തിനായെത്തി എന്നാല്‍ നാട്ടിലെ കലാലയങ്ങളില്‍ അവര്‍ എങ്ങനെ പെരുമാറിയിരുന്നോ അതുപോലെ അവര്‍ ഇവിടെയും പെരുമാറാന്‍ തുടങ്ങി. നമ്മള്‍ മറ്റൊരു രാജ്യത്ത് വന്നതാണ് ആ നാട്ടിലെ ജീവിതരീതിയുമായി ഒതുങ്ങി ജീവിക്കാന്‍ നമ്മള്‍ പഠിക്കണം, രക്ഷിതാക്കളോ അടുത്ത ബന്ധുക്കളോ ഇവിടെ ഇല്ലാത്തതിനാല്‍ കേരളത്തിലെ പല യുവാക്കളും കയറൂരി വിട്ടപോലെയാണ് രാത്രികളില്‍ നിരത്തുകളില്‍ പെരുമാറുന്നത്. രാത്രികള്‍ ഉറങ്ങാനുള്ളതാണ് അലയാനുള്ളതല്ല. വസ്തുവും വീടും വരെ ബാങ്കില്‍ ഏല്‍പിച്ചാണ് ഭൂരിഭാഗം വിദ്യാര്‍ഥികളെയും രക്ഷിതാക്കള്‍ കേരളത്തില്‍ നിന്നും ഇങ്ങോട്ടയച്ചിരിക്കുന്നത്. എന്നാല്‍ യുവാക്കള്‍ അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. നിരപരാധികള്‍ ആണ് പലപ്പോഴും ആക്രമണത്തിന് ഇരയാകുന്നത് എന്നതാണ് സത്യം. എല്ലാ നാട്ടിലുമുണ്ട് നല്ലവരും ചീത്തവരും, വളരെ കുറച്ചു ആളുകള്‍ മാത്രമാണ് ഭാരതീയരോട് മോശമായി ഇടപെട്ടത്. അതും കൗമാരക്കാര്‍. അവര്‍ നാളെ പക്വതയുള്ള യുവാക്കളായി മാറും അവര്‍ക്ക് നല്ല ബുദ്ധിയുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു അതുപോലെ ആക്രമിക്കപ്പെട്ട നിരപരാധികള്‍ക്ക് പിന്തുണയും നല്‍കുന്നു.' - സ്വരൂപ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window