36 -കാരിയെ കാണാനില്ലെന്ന് കുടുംബം. എന്നാല്‍, തന്നെ കാണാതായതല്ല എന്നും താന്‍ മുതിര്‍ന്നൊരു വ്യക്തിയാണ്, സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണ് എന്നും അധികൃതരോട് യുവതി. തന്നെ തന്റെ വഴിക്ക് വിടണമെന്നും യുവതി അപേക്ഷിച്ചു. ടെക്‌സാസില്‍ നിന്നുള്ള കൗറ ടെയ്ലറിന്റെ കുടുംബമാണ് അവളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്. എന്നാല്‍, സ്‌കോട്ട്‌ലാന്‍ഡിലെ 'കിങ്ഡം ഓഫ് കുബാല' സംഘത്തോടൊപ്പമാണ് കൗറയുള്ളത് എന്ന വിവരം അവള്‍ തന്നെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. 'കിങ്ഡം ഓഫ് കുബാല' എന്നറിയപ്പെടുന്ന ഈ സംഘം എഡിന്‍ബര്‍ഗില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ മാറി ജെഡ്ബര്‍ഗിനടുത്തുള്ള വനപ്രദേശങ്ങളില്‍ സംഘം ഒരു ക്യാമ്പ് തയ്യാറാക്കിയതായും അവിടെ അവര്‍ക്കൊപ്പമാണ് ഇപ്പോള്‍ യുവതി കഴിയുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പൂര്‍വ്വികര്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുകയാണ് തങ്ങള്‍' എന്നാണ് ഈ സ്വയം പ്രഖ്യാപിത ഗോത്രം അവകാശപ്പെടുന്നത് എന്നാണ് യുകെ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ എസ്ഡബ്ല്യുഎന്‍എസിലെ റിപ്പോര്‍ട്ട് പറയുന്നത്. സംഘത്തിനൊപ്പം ചേര്‍ന്നതോടെ കൗറ തന്റെ പേര് മാറ്റി 'അസ്‌നത്ത്' എന്നാക്കിയിട്ടുണ്ട്. 'ദാസി'യായിട്ടാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ക്യാമ്പില്‍ നിന്നുള്ള ഒരു വീഡിയോ സന്ദേശത്തില്‍ അവര്‍ പറയുന്നത്, തന്നെ കാണാതായതല്ല എന്നാണ്. 'യുകെ അധികൃതര്‍ക്ക്' എന്നു പറഞ്ഞാണ് അവര്‍ വീഡിയോസന്ദേശം തുടങ്ങുന്നത്. 'തീര്‍ച്ചയായും തന്നെ കാണാതായിട്ടില്ല. എന്നെ വെറുതെ വിടൂ. ഞാന്‍ ഒരു മുതിര്‍ന്ന ആളാണ്, നിസ്സഹായയായ കുട്ടിയല്ല' എന്നും അവര്‍ വീഡിയോയില്‍ പറയുന്നു.
അതേസമയം, എന്നുമുതലാണ് കൗറയെ കാണാതായത്, എന്തുകൊണ്ടാണ് വീട്ടുകാര്‍ക്ക് അവളെ കുറിച്ചുള്ള വിവരങ്ങളൊന്നും അറിയില്ലാത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരുകാലത്ത് 'കോഫി ഓഫെ' എന്നറിയപ്പെട്ടിരുന്ന മുന്‍ ഓപ്പറ ഗായകനായ 36 വയസ്സുകാരന്‍ അതെഹെന്‍, ഇയാളുടെ ഭാര്യ നന്ദി എന്നിവരാണ് കിങ്ഡം ഓഫ് കുബാല ഭരിക്കുന്നത്. രാജാവ്, രാജ്ഞി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മറ്റ് നിയമങ്ങളല്ല, മറിച്ച് യഹോവയുടെ നിയമങ്ങളാണ് തങ്ങള്‍ അനുസരിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ പരമാവധി പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന്, പ്രകൃതിയെ ആശ്രയിച്ച് ലളിതമായ ജീവിതമാണ് നയിക്കുന്നത്, തങ്ങളെ സൃഷ്ടിച്ച യഹോവയുടെ സംരക്ഷണം എപ്പോഴും തങ്ങള്‍ക്കൊപ്പമുണ്ട് എന്നും ഇവര്‍ പറയുന്നു.