ലണ്ടന്‍: എക്കാലത്തെയും ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവ് ആരായിരുന്നു എന്ന് ചോദിച്ചാല്‍, പാബ്ലോ എസ്‌കോബാറിന്റെയോ എല്‍ ചാപ്പോയുടെയോ പേരുകളാണ് നമ്മുടെ മനസിലേക്ക് വരുന്നത്. എന്നാല്‍ എസ്‌കോബാറും എല്‍ ചാപ്പോഴും ജനിക്കുന്നതിന് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്‍പ്പിക്കാനാവാത്തത്ര ലാഭകരവുമായ ഒരു മയക്കുമരുന്ന് സാമ്രാജ്യം നിയന്ത്രിച്ചിരുന്ന അവിശ്വസനീയമാംവിധം ശക്തയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. എസ്‌കോബാറിനെയും എല്‍ ചാപ്പോയെയും മയക്കുമരുന്ന് കച്ചവടത്തില്‍ ഒന്നുമല്ലാതാക്കാന്‍ മാത്രം ശേഷിയുണ്ടായിരുന്നു അവര്‍ക്ക്. മാത്രമല്ല അവരുടെ മയക്കുമരുന്ന് കച്ചവടത്തില്‍ നിന്നുള്ള വരുമാനം മുഴുവന്‍ രാജ്യത്തിന്റെയും സമ്പത്തിനെ നിയന്ത്രിച്ചിരുന്നതിനാല്‍ സര്‍ക്കാര്‍ നികുതി പിരിവുകാരില്‍ നിന്ന് അവര്‍ അനധികൃതമായി സമ്പാദിച്ച ലാഭം മറച്ചുവെക്കേണ്ടിയും വന്നില്ല. മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നല്‍കാന്‍ അധികാരമുള്ള എല്ലാവരും ഇതിനകം തന്നെ അവരുടെ ശമ്പളപ്പട്ടികയില്‍ ഉണ്ടായിരുന്നതിനാല്‍ ജയിലില്‍ അടക്കപ്പെടുമെന്ന് അവര്‍ക്ക് വിഷമിക്കേണ്ടിയും വന്നില്ല. അതെ, അതാണ് ബ്രിട്ടീഷ് സാമ്രാജ്യം ഭരിച്ചിരുന്ന വിക്ടോറിയ രാജ്ഞിയുടെ മയക്കുമരുന്ന് സാമ്രാജ്യം.
ഒരു വൃദ്ധയായ രാജ്ഞിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും അപ്പുറം വിക്ടോറിയ മയക്കുമരുന്നുകളുടെ വലിയ ആരാധികയായിരുന്നു. വിക്ടോറിയ ഒരു വൃദ്ധയായിരുന്നു എന്നത് ഒരു തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ സിംഹാസനത്തില്‍ കയറുമ്പോള്‍ അവര്‍ക്ക് 18 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അവര്‍ പതിവായി വൈവിധ്യമാര്‍ന്ന മരുന്നുകള്‍ ഉപയോഗിക്കുന്നത് ആസ്വദിച്ചിരുന്നു. കറുപ്പ് അവരുടെ പ്രിയപ്പെട്ട ഒന്നായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ ബ്രിട്ടനില്‍ കറുപ്പ് കഴിക്കുന്നതിനുള്ള കൂടുതല്‍ ഫാഷനബിള്‍ മാര്‍ഗം അത് ലൗഡനത്തിന്റെ രൂപത്തില്‍ കുടിക്കുക എന്നതായിരുന്നു. കാരണം എന്തുതന്നെയായാലും വേദനയോ അസ്വസ്ഥതയോ ഒഴിവാക്കാന്‍ കറുപ്പും മദ്യവും വ്യാപകമായി ഉപയോഗിച്ചിരുന്നു. ആസ്പിരിന്‍ വരുന്നതിന് മുമ്പ് ഇത് ആസ്പിരിന്‍ പോലെയായിരുന്നു. ഒരു രാജകീയ കൗമാരക്കാരിക്ക് തന്റെ ദിവസം ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിതെന്ന് വിശ്വസിച്ചുകൊണ്ട് വിക്ടോറിയ രാജ്ഞി എല്ലാ ദിവസവും രാവിലെ ഒരു വലിയ പാത്രം ലൗഡനം കുടിച്ചു.
കറുപ്പിന് പുറമെ കൊക്കെയ്‌നും അവരുടെ പ്രിയപ്പെട്ടവരില്‍ ഒന്നായിരുന്നു. ബ്രിട്ടണില്‍ കറുപ്പ് നിയമവിരുദ്ധമായിരുന്നില്ല, പുതിയതായിരുന്നു, യൂറോപ്യന്മാര്‍ അത് പരീക്ഷിച്ചു തുടങ്ങിയതേയുള്ളൂ. 1800-കളില്‍ കൊക്കെയ്ന്‍ കഴിക്കാന്‍ രസകരവും ആവേശകരവുമായ നിരവധി മാര്‍ഗങ്ങളുണ്ടായിരുന്നു. പക്ഷേ വിക്ടോറിയ രാജ്ഞിയുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ ച്യൂയിംഗ് ഗം, വൈന്‍ എന്നിവയുടെ കൂടെ കഴിക്കനായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഭയാനകമായ ബ്രിട്ടീഷ് ദന്തചികിത്സയില്‍ നിന്നുള്ള പല്ലുവേദനയ്ക്കും മോണവേദനയ്ക്കും ശമിപ്പിക്കാന്‍ കൊക്കെയ്ന്‍ ച്യൂയിംഗ് ഗം ഉപയോഗിച്ചിരുന്നു. പ്രതിമാസ ആര്‍ത്തവ ലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രാജ്ഞി ദ്രാവക രൂപത്തിലുള്ള കഞ്ചാവും കുടിച്ചിരുന്നു. പ്രസവവേദനയെ നേരിടാന്‍ വിക്ടോറിയ ആവേശത്തോടെ ക്ലോറോഫോം സ്വീകരിച്ചു. നനഞ്ഞ തൂവാല മുഖത്ത് 53 മിനിറ്റ് പിടിച്ചുകൊണ്ട് അവര്‍ ആ അനുഭവത്തെ 'അളക്കാന്‍ കഴിയാത്തത്ര ആനന്ദകരം' എന്ന് വിശേഷിപ്പിച്ചു. ചരിത്രകാരനും എഴുത്തുകാരനുമായ ടോണി മക്മഹോണ്‍ സ്മിത്സോണിയന്‍ മാസികയില്‍ ഇതിനെ കുറിച്ച് എഴുതുന്നത് 'വിക്ടോറിയ രാജ്ഞി ഏത് മാനദണ്ഡമനുസരിച്ചായാലും അവര്‍ തന്റെ മരുന്നുകളെ ഇഷ്ടപ്പെട്ടിരുന്നു.' എന്നാണ്.