ലണ്ടന്‍: അപ്രതീക്ഷിതമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി ഒരു പുരോഹിതന്‍. അതിസുന്ദരനായ പുരോഹിതന്‍ വൈറലായി മാറിയതിന് പിന്നാലെ പള്ളിയില്‍ വരുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റോംഫോര്‍ഡിലെ സെന്റ്. എഡ്വേര്‍ഡ് ദി കണ്‍ഫെസര്‍ പള്ളിയില്‍ അടുത്തിടെ നിയമിക്കപ്പെട്ട ഫാദര്‍ ജോര്‍ദാനാണ് തന്റെ ലുക്കിന് പിന്നാലെ ഓണ്‍ലൈനില്‍ വൈറലായി മാറിയത്. അതോടെ, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ കമന്റുകളും ചര്‍ച്ചകളും ഉണ്ടാവാനും ഇത് കാരണമായി മാറി. ഫാദര്‍ ജോര്‍ദാന്റെ വീഡിയോകളും ചിത്രങ്ങളും ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിന് 'ഹോട്ട് പ്രീസ്റ്റ്' എന്ന പേരാണ് ആളുകള്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കും അപ്പുറമായി, അദ്ദേഹത്തിന്റെ ലുക്കും ആകര്‍ഷകമായ വ്യക്തിത്വവുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. പ്രത്യേകിച്ചും യുവാക്കളാണ് അദ്ദേഹത്തിന്റെ ആരാധകര്‍. അദ്ദേഹം തന്നെയാണ് വിശ്വാസികളെ പള്ളിയിലേക്ക് ക്ഷണിച്ചുകൊണ്ട്, പുതിയ പുരോഹിതനാണ് താനെന്ന് പരിചയപ്പെടുത്തിയത്. ടിക്ടോക്കില്‍ വളരെ വേഗത്തില്‍ വീഡിയോ വൈറലായി.
പിന്നാലെ, ടിക്ടോക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഫാദര്‍ ജോര്‍ദാന്‍ ചര്‍ച്ചയായി മാറി. അനേകം പോസ്റ്റുകളാണ് ഫാദര്‍ ജോര്‍ദാനെ കുറിച്ച് പ്രത്യക്ഷപ്പെട്ടത്. താന്‍ ഇനി മുതല്‍ നിരീശ്വരവാദിയല്ല, ഇനിയെങ്കിലും പള്ളിയില്‍ പോയി തുടങ്ങണം, ഇതുവരെയുള്ള പാപങ്ങള്‍ പൊറുക്കണം ഫാദര്‍ തുടങ്ങി അനേകം അനേകം കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. യുവാക്കളും പെണ്‍കുട്ടികളുമാണ് മിക്കവാറും കമന്റുകള്‍ നല്‍കുന്നത്. ടിക്ടോക്കിലാണ് അതിവേഗത്തില്‍ പുരോഹിതന്‍ വൈറലായി മാറിയത്. പിന്നാലെ. ഫാദര്‍ ജോര്‍ദാന്‍ ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്. താന്‍ കമന്റുകളെല്ലാം കണ്ടു. തന്റെ അമ്മയും ഇതെല്ലാം വായിച്ചു എന്നാണ് ഫോദര്‍ ജോര്‍ദാന്‍ പറയുന്നത്. അദ്ദേഹം അത് തമാശയായിട്ടാണ് എടുത്തത് എന്നാണ് മനസിലാവുന്നത്. എന്നാല്‍, ഒരു പുരോഹിതനെ ഹോട്ട് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല എന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. അതേസമയം, അടുത്തിടെയാണ് പുതിയ തലമുറയെ പള്ളിയിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സ് കൂടുതലുള്ള പുരോഹിതരെ നിയമിക്കാന്‍ വത്തിക്കാന്‍ നീക്കം നടത്തുന്നതായിട്ടുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇറ്റലിയിലെ ബ്രെസിയയില്‍ നിന്നുള്ള ബോഡി ബില്‍ഡിംഗ് പുരോഹിതനായ ഫാദര്‍ ഗ്യൂസെപ്പെ ഫുസാരി അടക്കമുള്ള പുരോഹിതന്മാര്‍ ഇതുപോലെ സോഷ്യല്‍മീഡിയയില്‍ ഒരുപാട് ഫോളോവര്‍മാരുള്ളവരാണ്.