Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
വിവാദ ലണ്ടന്‍ ഏജന്‍സിയുടെ അഭിനന്ദനം എടുത്തുകാട്ടി സര്‍ക്കാര്‍ മാസിക
reporter

കൊല്ലം: വിവാദ ലണ്ടന്‍ ഏജന്‍സി ശുചിത്വസാഗരം പദ്ധതിക്ക് നല്‍കിയ അഭിനന്ദനം എടുത്തുപറഞ്ഞ് സര്‍ക്കാര്‍ മാസികയില്‍ ലേഖനം. പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കുന്ന കേരള കോളിങ്ങിന്റെ ജൂലായ് ലക്കത്തിലാണ് 'പ്ലാസ്റ്റ് സേവ് (യുകെ)' അടക്കമുള്ള അന്താരാഷ്ട്ര എന്‍ജിഒകള്‍ പദ്ധതിയെ അഭിനന്ദിച്ചെന്ന് ചൂണ്ടിക്കാട്ടുന്നത്. ഫിഷറീസ് ഡയറക്ടറായിരുന്ന സഫ്നാ നസറുദ്ദീന്റെയാണ് ലേഖനം. എന്നാല്‍ പദ്ധതിയുമായി ഈ ഏജന്‍സി സഹകരിച്ചതായോ പണം നല്‍കിയതായോ പറയുന്നില്ല. 'ക്രൂസേഡ് എഗെയ്ന്‍സ്റ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ അറ്റ് കേരള കോസ്റ്റ്' എന്ന ലേഖനത്തില്‍ ശുചിത്വസാഗരം പദ്ധതിയുടെ കഴിഞ്ഞ എട്ടുവര്‍ഷത്തെ നേട്ടങ്ങളാണ് വിശദീകരിക്കുന്നത്. യുഎന്‍ അംഗീകാരം നേടിയതായും 2022-ലെ ലോക മത്സ്യബന്ധനദിന പ്രദര്‍ശനത്തില്‍ ഈ പദ്ധതിക്ക് ഒന്നാംസ്ഥാനം ലഭിച്ചെന്നും പറയുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാനായി 'പ്ലാസ്റ്റ് സേവ്' എന്ന ഏജന്‍സിയുടെ പ്രതിനിധികള്‍ കൊല്ലം സന്ദര്‍ശിച്ചിരുന്നു. പിബി കത്തുചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട രാജേഷ് കൃഷ്ണയുമായി അടുപ്പമുള്ള ഏജന്‍സി മുഖേന പദ്ധതിക്ക് 50 ലക്ഷം രൂപ കൈമാറിയെന്നാണ് വിവരം. എന്നാല്‍ അഞ്ചുലക്ഷം രൂപ മാത്രമേ ലഭിച്ചിട്ടുള്ളെന്ന് അന്നത്തെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വെളിപ്പെടുത്തിയിരുന്നു. ബാക്കിത്തുക ഇടനിലക്കാര്‍ തട്ടിയെന്നാണ് ആരോപണം ഉയര്‍ന്നത്.

കടലിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശുചിത്വസാഗരം പദ്ധതിയില്‍ എട്ടുവര്‍ഷത്തിനിടെ കൊല്ലം ജില്ലയില്‍ മാത്രം ശേഖരിച്ചത് 180 ടണ്ണിലധികം പ്ലാസ്റ്റിക്കാണ്. 2017 മുതല്‍ 2025 വരെയുള്ള കാലത്ത് മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്ത പ്ലാസ്റ്റിക്കിന്റെ കണക്കാണിത്. ഇതില്‍ 96 ടണ്‍ പൊടിച്ചെടുത്തു. 87 ടണ്‍ റോഡ് ടാറിങ്ങിനായി പുനരുപയോഗിച്ചു. ഇതില്‍ കേരളപുരത്തിനും കോവില്‍മുക്കിനും ഇടയിലുള്ള രണ്ടു കിലോമീറ്റര്‍ ഭാഗവും ഉള്‍പ്പെടുന്നു. ശുചിത്വസാഗരം സുന്ദരതീരം എന്നനിലയില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന യത്‌നം രണ്ടാംഘട്ടം കഴിഞ്ഞ ഏപ്രില്‍ 11-ന് നടത്തി. ഒറ്റദിവസംകൊണ്ട് തീരപ്രദേശങ്ങളില്‍നിന്ന് 154 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതായി ഫിഷറീസ് മുന്‍ ഡയറക്ടറുടെ ലേഖനത്തില്‍ പറയുന്നു. 478 ആക്ഷന്‍ കേന്ദ്രങ്ങളിലായി 17,000-ല്‍പ്പരം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. ഭാവിയില്‍ മാലിന്യം തള്ളുന്നത് തടയാന്‍ 100 കുപ്പി ബൂത്തുകള്‍ സ്ഥാപിച്ചു. മറ്റ് പ്രധാന മത്സ്യബന്ധന തുറമുഖങ്ങളില്‍ പ്ലാസ്റ്റിക്ക് ഷ്രെഡിങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതിയുടെ മൂന്നാംഘട്ടം സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും പറയുന്നുണ്ട്.

 
Other News in this category

 
 




 
Close Window