ലണ്ടന്‍: സാമ്പത്തികപ്രശ്നം, മാനസികസമ്മര്‍ദം, അനുയോജ്യരായ പങ്കാളികളെ കിട്ടാതിരിക്കല്‍. ഇങ്ങനെ പല കാരണം ചൂണ്ടിക്കാട്ടി അച്ഛനമ്മമാരാകുന്നത് വൈകിപ്പിക്കുകയാണ് യുകെയിലെ യുവതലമുറ. പ്രത്യേകിച്ച് 1990-കളുടെ മധ്യത്തോടെ ജനിച്ച മിലേനിയലുകള്‍. ബ്രിട്ടനിലും വെയില്‍സിലും അച്ഛനമ്മമാരാകുന്നവരുടെ ശരാശരി പ്രായം കുത്തനെ ഉയരുകയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ പഠനപ്രകാരം 32 വയസ്സുള്ളവരില്‍ 40 ശതമാനം പേര്‍ക്ക് കുട്ടികളെ വേണമെന്നുണ്ടെങ്കിലും അതില്‍ 25 ശതമാനം പേരേ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നുള്ളൂ. 46 ശതമാനം പേര്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ മാനസികമായി തയ്യാറല്ലെന്ന തോന്നലാണ്. 28 ശതമാനം പേരെ സാമ്പത്തികപ്രശ്നങ്ങളലട്ടുന്നു. 24 ശതമാനം പേര്‍ക്ക് അനുയോജ്യരായ പങ്കാളിയെ കിട്ടാത്തതാണ് കാരണം.
ബ്രിട്ടനിലും വെയില്‍സിലും പ്രത്യുത്പാദനനിരക്ക് തുടര്‍ച്ചയായ മൂന്നാംവര്‍ഷവും കുത്തനെ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിലെത്തിയിരിക്കുകയാണ്. 2024-ല്‍ ശരാശരി പ്രത്യുത്പാദനനിരക്ക് ഒരു സ്ത്രീക്ക് 1.41 കുട്ടി എന്നാണ്. 1938-നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.ലണ്ടന്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ് പ്രദേശങ്ങള്‍ മാത്രമാണ് ഈ പ്രവണതയ്ക്ക് ഒരപവാദം. ഇവിടങ്ങളില്‍ ചെറിയതോതില്‍ വര്‍ധനയുണ്ട്. 2004 മുതല്‍ 2024 വരെയുള്ള 20 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലും അമ്മമാരുടെ ശരാശരി പ്രായം 29-ല്‍നിന്ന് 31.2 ആയി ഉയര്‍ന്നു. അച്ഛന്മാരുടെ പ്രായമാകട്ടെ 32-ല്‍നിന്ന് 33.9 ആയി.