ലണ്ടന്‍: യുകെ പ്രതിരോധ വകുപ്പിന്റെ കീഴില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര എക്സിബിഷനില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്. ഇസ്രായേലി കമ്പനികളുടെ യുകെ അനുബന്ധ സ്ഥാപനങ്ങള്‍ വിലക്ക് ബാധകമല്ല. എന്നാല്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി എക്യുപ്മെന്റ് ഇന്റര്‍ നാഷണല്‍ ഷോയിലേക്ക് ക്ഷണമില്ല. ഗസ്സയിലെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ ഇസ്രായേല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുകെ അത് ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന സൂചനയും ബ്രിട്ടീഷ് പ്രധാനമന്ത്രി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ കമ്പനികളെ എക്സിബിഷനില്‍ നിന്ന് വിലക്കിയത്.
''ഗസ്സയിലെ സൈനിക നടപടി കൂടുതല്‍ ശക്തമാക്കാനുള്ള ഇസ്രായേല്‍ തീരുമാനം തെറ്റാണ്. അതുകൊണ്ടാണ് ഡിഎസ്ഇഐ 2025ല്‍ പങ്കെടുക്കാന്‍ ഒരു ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിനിധിയെയും ക്ഷണിക്കാതിരുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര ഇടപെടല്‍ ഉണ്ടാവണം. അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബന്ദി മോചനത്തിനും ഗസ്സയില്‍ മാനുഷിക സഹായം എത്തിക്കുന്നതിനും വഴിയൊരുക്കണം''- യുകെ സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു.വിലക്കിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ എക്സിബിഷനില്‍ തങ്ങളുടെ പവലിയന്‍ ഉണ്ടാവില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഇസ്രായേലി പ്രതിരോധ കമ്പനികളായ എല്‍ബിത് സിസ്റ്റംസ്, റഫാല്‍, ഐഎഐ, യുവിഷന്‍ എന്നിവ എക്സിബിഷനില്‍ പങ്കെടുക്കും.