ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ ചില്ലുകള്‍ തുടച്ചതിന് യുവതി കാര്‍ ഉടമയോട് 20 പൗണ്ട് ഏകദേശം 2300 രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ വൈറലായതോടെ സംഭവത്തിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് സംശയങ്ങള്‍ ഉയര്‍ന്നു. വീഡിയോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ അതോ സോഷ്യല്‍ മീഡിയ പ്രശസ്തിക്കുവേണ്ടി ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണോ എന്നുമായിരുന്നു വീഡിയോ കണ്ടവര്‍ ഉയര്‍ത്തിയ ചോദ്യം. ഇന്‍സ്റ്റാഗ്രാമില്‍ വ്യാപകമായി പങ്കിട്ട വീഡിയോയില്‍, കാറിന്റെ ഗ്ലാസ് വൃത്തിയാക്കിയതിന് താന്‍ ആവശ്യപ്പെട്ട പണം നല്‍കണമെന്ന് യുവതി നിര്‍ബന്ധം പിടിക്കുന്നത് കാണാം. എന്നാല്‍ കാറിന്റെ ഉടമ അതിനു വിസമ്മതിക്കുകയും യുവതിയെ കൊള്ളക്കാരി എന്ന് വിളിക്കുകയും ചെയ്യുന്നു. ഇതോടെ യുവതി താന്‍ ആവശ്യപ്പെട്ട പണം ന്യായമാണെന്നും അത് നല്‍കിയില്ലെങ്കില്‍ വാഹനം തടയുമെന്നും പറയുന്നു. നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ ഡോറില്‍ ഒരു യുവതി മുട്ടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വാഹന ഉടമ ഗ്ലാസ് താഴ്ത്തി എന്താണ് കാര്യം എന്ന് ചോദിക്കുന്നു. അപ്പോള്‍ യുവതി താന്‍ കാറിന്റെ ചില്ലുകള്‍ തുടച്ച് വൃത്തിയാക്കിയെന്നും തനിക്ക് 20 പൗണ്ട് വേണമെന്നും ആവശ്യപ്പെടുന്നു. അപ്പോള്‍ വാഹനം ഉടമ താന്‍ ആവശ്യപ്പെട്ടിട്ടല്ലല്ലോ ചെയ്തത് എന്ന് യുവതിയോട് പറയുന്നു. എന്നാല്‍ താന്‍ ചെയ്ത ജോലിയുടെ കൂലിയായി 20 പൗണ്ട് നല്‍കണമെന്നു യുവതി വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു.
വീഡിയോ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും ഇത് ബോധപൂര്‍വ്വം സൃഷ്ടിച്ചത് ആയിരിക്കാം എന്നാണ് ഭൂരിഭാഗം സോഷ്യല്‍ മീഡിയ യൂസര്‍മാരും അഭിപ്രായപ്പെടുന്നത്. അതേസമയം, വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സാമ്പത്തികബുദ്ധിമുട്ടുകളെ കുറിച്ചും പാര്‍ട് ടൈം ജോലി കണ്ടെത്താനുള്ള പ്രയാസങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ ഉയരാനും വീഡിയോ കാരണമായി. എന്നാല്‍, ദി ലാസ്റ്റ് അവര്‍ ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് പ്രകാരം, പ്രാദേശിക അധികാരികള്‍ ഈ വിഷയത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയില്‍ കണ്ട യുവതിയുടെ ഐഡന്റിറ്റി സംബന്ധിച്ചോ ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ടോ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. അതേസമയം, യുവതിയെ ഇതുപോലുള്ള വീഡിയോകളില്‍ മുമ്പും കണ്ടിട്ടുണ്ട് എന്നും അതിനാല്‍ ഇത് സ്‌ക്രിപ്റ്റഡ് വീഡിയോ ആയിരിക്കാമെന്നും നിരവധിപ്പേര്‍ കമന്റ് നല്‍കി.