ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറുകള്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് സംഘങ്ങളായി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറുകള്‍ തമ്മില്‍ എസക്‌സിലെ റെയ്ലി സ്പര്‍ റൗണ്ട്എബൗട്ടില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങള്‍ നല്‍കുന്ന സൂചന. വിദ്യാര്‍ഥികള്‍ ഹൈദരാബാദ് സ്വദേശികളാണ്. ഒന്‍പതു പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം രണ്ട് കാറുകളിലായി 'ഗണേശ വിഗ്രഹം' നിമജ്ജനം ചെയ്ത ശേഷം വീടുകളിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
അപകടത്തില്‍ ഹൈദരബാദ് സ്വദേശികളായ ചൈതന്യ താരെ (23) സംഭവസ്ഥലത്തും ഋഷിതേജ റാപോളു (21) ആശുപത്രിയിലും വച്ചാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 4.15 നായിരുന്നു അപകടം. കാറുകള്‍ ഓടിച്ചിരുന്ന ഗോപിചന്ദ് ബട്ടമേക്കാല (23), മനോഹര്‍ സബ്ബാനി (24) എന്നിവരെ എസക്‌സ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലന്നാണ് സൂചന. പരുക്കേറ്റ 5 പേരെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
സായി ഗൗതം റവുള്ള (30), 20 മുതല്‍ 23 വയസ്സുവരെ പ്രായമുള്ള നൂതന്‍ തടികായല, യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരാണ് ചികിത്സയില്‍ ഉള്ളത് ഇവരില്‍ സായി ഗൗതം റവുള്ള, നൂതന്‍ തടികായല എന്നിവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത കുരുക്ക് ഉണ്ടായി. അപകടം ഉണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ നാട്ടില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു.