ലണ്ടന്‍: യുകെയിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ നടത്തുന്ന റെസ്റ്റോറന്റാണ് സായ് സുരഭി. ഇപ്പോഴിതാ, 23500 രൂപയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാതെ മുങ്ങിയ ആളുകള്‍ക്കെതിരെ പോസ്റ്റിട്ടിരിക്കുകയാണ് ഇവര്‍. രണ്ട് കുടുംബങ്ങളാണ് ഭക്ഷണം കഴിച്ച് ബില്ലടക്കാതെ ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയത്. ആഗസ്ത് 30 -നാണ് സംഭവം നടന്നതെന്നാണ് റസ്റ്റോറന്റ് ഉടമകളായ രാമന്‍ കൗറും നരീന്ദര്‍ സിംഗ് അത്വയും റെസ്റ്റോറന്റിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ടേബിള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നു. ബുക്ക് ചെയ്ത് 15 മിനിറ്റിനുശേഷമാണ് രണ്ട് സംഘവും എത്തിയത്. കറികളും സൈഡ് ഡിഷുകളും കുട്ടികള്‍ക്കുള്ള ഭക്ഷണവും എല്ലാമടക്കം ഇഷ്ടം പോലെ ഭക്ഷണം രണ്ട് കൂട്ടരും കഴിച്ചു. എന്നാല്‍, ബില്ലടയ്ക്കാനുള്ള സമയത്ത് സംഘത്തിലെ സ്ത്രീകളെല്ലാം സ്ഥലം വിട്ടു. രണ്ടു പുരുഷന്മാര്‍ അവിടെയുണ്ടായിരുന്നു. അവരോട് ബില്ലടയ്ക്കാന്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ബില്ലടയ്ക്കാന്‍ യാതൊരു നിര്‍വാഹവുമില്ല എന്ന് പറഞ്ഞശേഷം അവരും സ്ഥലം വിടുകയായിരുന്നത്രെ.
പിന്നാലെ, തിങ്കളാഴ്ചയ്ക്കകം പണം നല്‍കുമെന്ന് രണ്ട് കൂട്ടരും വാഗ്ദാനം ചെയ്തു. എന്നാല്‍, ആ വാഗ്ദാനം പാലിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ദമ്പതികള്‍ വിശദീകരിക്കുന്നു. ഇങ്ങനെ കാര്യങ്ങള്‍ പറയുന്നതിനോട് തങ്ങള്‍ക്ക് താല്പര്യമില്ലെങ്കിലും വേറെ വഴിയില്ല എന്നാണ് ദമ്പതികള്‍ പോസ്റ്റില്‍ പറയുന്നത്. രണ്ട് കുടുംബങ്ങളും ഇഷ്ടം പോലെ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ആസ്വദിക്കുകയും ഒക്കെ ചെയ്തു. അഞ്ച് കാര്‍ഡുകളാണ് അവര്‍ ബില്ലടക്കാന്‍ ട്രൈ ചെയ്തത്. ആരെയൊക്കെയോ വിളിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറഞ്ഞു. എന്നാല്‍, 200 പൗണ്ട് ബില്ല് വന്നിടത്ത് ഒന്നും അടക്കാതെയാണ് അവര്‍ പോയത് എന്നാണ് ഇവര്‍ പറയുന്നത്.
അവര്‍ ഉറപ്പായും പണം അടക്കും എന്നാണ് പറഞ്ഞത്. അല്ലെങ്കില്‍ സിസിടിവി ഫൂട്ടേജ് പുറത്ത് വിട്ടോളൂ എന്നും പറഞ്ഞു. എന്നാല്‍, അവര്‍ പണം അടച്ചില്ല. ബിസിനസ് നടത്തുന്നവരെന്ന നിലയില്‍ ഈ തുക തങ്ങള്‍ക്ക് വലിയ തുകയാണ് എന്നും വലിയ നഷ്ടമാണ് എന്നും പോസ്റ്റില്‍ പറയുന്നു. അനേകങ്ങളാണ് പോസ്റ്റിന് കമന്റ് നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടൂ, എന്നും പൊലീസിനെ അറിയിക്കൂ എന്നും ഒരുപാടുപേര്‍ പറഞ്ഞിരിക്കുന്നതും കമന്റുകളില്‍ കാണാം.