ന്യൂഡല്‍ഹി: വിദേശ വിദ്യാര്‍ഥികളുടെയും ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുള്ള വിദ്യാര്‍ഥികളുടെയും പഠന വിവരങ്ങള്‍ ഇനി മുതല്‍ കേന്ദ്രസര്‍ക്കാരിനു കൈമാറണം. ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, മറ്റ് മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ വിദേശത്തു നിന്നുള്ള രോഗികള്‍, അവരുടെ സഹായികള്‍ എന്നിവരുടെ വിശദാംശങ്ങള്‍ 24 മണിക്കൂറിനകം അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് നിയമത്തില്‍ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍: വിദേശികള്‍ക്കു പ്രവേശനം നല്‍കി 24 മണിക്കൂറിനകം കോഴ്‌സ്, ദൈര്‍ഘ്യം, ഫീസ് തുടങ്ങിയ വിവരങ്ങള്‍ നിശ്ചിത ഫോമില്‍ സമര്‍പ്പിക്കണം. വിദ്യാര്‍ഥികളുടെ താമസവിവരങ്ങള്‍ പ്രത്യേക ഫോമില്‍ അറിയിക്കണം. ഹാജര്‍ വിശദാംശങ്ങള്‍ വര്‍ഷത്തില്‍ 2 തവണ കൈമാറണം. പരീക്ഷാഫലം, സ്വഭാവം തുടങ്ങിയ കാര്യങ്ങളും അറിയിക്കണം. വിദ്യാര്‍ഥി സ്ഥാപനം വിടുന്ന ഘട്ടത്തില്‍ അതിന്റെ വിവരങ്ങളും അറിയിക്കണം. ആശുപത്രികള്‍ക്കുള്ള നിര്‍ദേശങ്ങള്‍: വിദേശികള്‍ ഡിസ്ചാര്‍ജ് നേടിയ ശേഷം പോകുന്ന സ്ഥലത്തിന്റെ വിലാസവും ശേഖരിക്കണം. ആശുപത്രികള്‍ ഈ വിവരങ്ങള്‍ ഇലക്ട്രോണിക് രേഖയായി ഒരു വര്‍ഷം സൂക്ഷിക്കണം.