കൊച്ചി: ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന പ്രതാപചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്, മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ്.
2024 ജൂണ്‍ 20-നു നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നടപടിക്ക് നിര്‍ദേശം നല്‍കി. കൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോള്‍ക്കാണ് പൊലീസ് മര്‍ദ്ദനം നേരിടേണ്ടി വന്നത്. പൊതുസ്ഥലത്ത് പൊലീസ് മര്‍ദ്ദനം മൊബൈലില്‍ ചിത്രീകരിച്ചതിന് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തപ്പോള്‍, ഗര്‍ഭിണിയായ ഷൈമോള്‍ കുഞ്ഞുങ്ങളെ കൂട്ടി സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയത്താണ് എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ ഷൈമോളെ നെഞ്ചത്ത് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്തത്.
മഫ്തിയില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുവേദിയില്‍ രണ്ടുപേരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഷൈമോളുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. അത് കണ്ട പൊലീസ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട ഷൈമോള്‍ ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദനം നടന്നത്.
ഒരു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചത്. പരാതി നല്‍കിയപ്പോള്‍ യുവതി തന്നെ എസ്എച്ച്ഒയെ മര്‍ദ്ദിച്ചുവെന്നായിരുന്നു പൊലീസ് കഥ. ഒടുവില്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ദൃശ്യങ്ങള്‍ പുറത്തുവന്നു. അന്വേഷണം തുടരുന്നതിനിടെ പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. വകുപ്പുതല അന്വേഷണത്തില്‍ ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകും