കൊച്ചി: എറണാകുളം മലയിടംതുരുത്ത് പരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സര്‍ക്കാര്‍ ബഹുമാനിക്കണമെന്നും കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ സാങ്കേതികത്വം ചൂണ്ടിക്കാട്ടുകയല്ല, വിധി നടപ്പാക്കുകയാണു സര്‍ക്കാരിന്റെ ബാധ്യതയെന്നും ഹൈക്കോടതി വ്യക്തമാക്കി. തര്‍ക്കഭൂമിയിലെ അവകാശം സ്ഥാപിച്ചെടുക്കാന്‍ അവിടെ താമസിക്കുന്ന ദലിത് കുടുംബങ്ങള്‍ ഇതുവരെ നിയമപരമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തര്‍ക്കസ്ഥലത്ത് തുടരണമെങ്കില്‍ നിയമപരമായ അവകാശം ഉണ്ടായിരിക്കണം. എന്നാല്‍ ആ അവകാശം സ്ഥാപിക്കാന്‍ താമസക്കാര്‍ കോടതിയെ സമീപിച്ചിട്ടില്ല. അത്തരമൊരു നിയമനടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ കുടിയൊഴിപ്പിക്കല്‍ തടയാനാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
അതേസമയം, ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടിക്ക് കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു കോടതിയെ അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച കോടതി രണ്ടാഴ്ച സാവകാശം അനുവദിച്ചു. മലയിടംതുരുത്തിലെ കുടുംബങ്ങളെ മെയ് 26നകം കുടിയൊഴിപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് ടി.ആര്‍. രവി നേരത്തെ നല്‍കിയ ഉത്തരവ്. ഇതിന് മുമ്പ് അഭിഭാഷക കമ്മിഷനും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്ക് ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ശനിയാഴ്ചയ്ക്കകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
കുടിയൊഴിപ്പിക്കല്‍ നടപടിയില്‍നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിക്കാനായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തില്‍ താമസക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ പുതിയ നിലപാടോടെ മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത് പരിമിതമായ സമയം മാത്രമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിഷയത്തിന് മാനുഷികവും നിയമപരവുമായ പരിഹാരം കണ്ടെത്തുകയെന്നതാണ് ഇനി സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.