തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അന്നത്തെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ ഉണ്ടായിരുന്ന അനില്‍ കുമാര്‍, സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കെതിരെയാണ് നടപടി. ആലപ്പുഴയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം ചട്ടവിരുദ്ധവും അനാവശ്യവുമാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാരെ ലോക്കല്‍ പൊലീസ് നിയന്ത്രണത്തില്‍ കൊണ്ടുവന്നിരുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വിഐപി വാഹനം കടന്നുപോയ ശേഷം വാഹനം നിര്‍ത്തി ഇറങ്ങി പ്രതിഷേധക്കാരെ മര്‍ദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്നത്തെ ഗണ്‍മാന്‍ അനില്‍ കുമാറിനെയും സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെയും ഉള്‍പ്പെടെ അഞ്ചു പൊലീസുകാരെയാണ് പ്രത്യേക അന്വേഷണസംഘം പ്രതികളായി ചൂണ്ടിക്കാട്ടിയത്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിരുന്നു. 2023 ഡിസംബര്‍ 15ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന്‍ സമീപമാണ് സംഭവം നടന്നത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്ന എ.ഡി. തോമസിനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസിനും മര്‍ദനമേറ്റിരുന്നു. തോമസിന് തലയ്ക്കും അജയ് ജുവലിന് കൈയ്ക്കും പരുക്കേറ്റതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആലപ്പുഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ലാത്തി ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച് ആക്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതോടെ, കേസില്‍ കൂടുതല്‍ ഗുരുതര വകുപ്പുകള്‍ നിലനില്‍ക്കുമോ എന്നതും ഇനി പരിശോധിക്കപ്പെടും. സംഭവത്തെ ''രക്ഷാപ്രവര്‍ത്തനം'' എന്ന് അന്നത്തെ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നെങ്കിലും, പുതിയ അന്വേഷണ റിപ്പോര്‍ട്ടോടെ പൊലീസിന്റെ നടപടിക്രമങ്ങള്‍, വിഐപി സുരക്ഷയുടെ പരിധി, പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്ന രീതികള്‍ എന്നിവ വീണ്ടും രാഷ്ട്രീയ-നിയമ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.