ലണ്ടന്‍: ബംഗ്ലദേശിലെ ആണവകരാര്‍ അഴിമതിയന്വേഷണത്തില്‍ ഉള്‍പ്പെട്ട ബ്രിട്ടിഷ് മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു. ബംഗ്ലദേശില്‍ അധികാരത്തില്‍നിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനിയത്തിയുടെ മകളും ബ്രിട്ടനിലെ ട്രഷറി, അഴിമതിവിരുദ്ധ മന്ത്രിയുമായ ട്യൂലിപ് സാമ്പത്തികസ്രോതസ്സുകളുടെ പേരില്‍ വിവാദത്തില്‍പ്പെട്ടതാണ് രാജിയില്‍ കലാശിച്ചത്. വിവാദം മൂലമുള്ള അനാവശ്യ ശ്രദ്ധ ഒഴിവാക്കാനാണു പദവിയൊഴിയുന്നതെന്ന് അവര്‍ രാജിക്കത്തില്‍ വിശദീകരിച്ചു.
ഹസീനയുടെ ഇളയസഹോദരി രഹാനയുടെ മകളാണ് ട്യൂലിപ് (42). ബംഗ്ലദേശിലെ 1265 കോടി ഡോളറിന്റെ ആണവകരാര്‍ അഴിമതിയില്‍ ഹസീനയ്‌ക്കൊപ്പം പേരുചേര്‍ക്കപ്പെട്ടിരുന്നു. അഴിമതിപ്പണം ഹസീനയും കുടുംബാംഗങ്ങളും വിദേശത്തേക്കു കടത്തിയെന്നാണ് ആരോപണം. ലണ്ടനിലെ കിങ്‌സ് ക്രോസിലുള്ള ഫ്‌ലാറ്റ് ഹസീനയുടെ വിശ്വസ്തര്‍ ട്യൂലിപ്പിനു സമ്മാനിച്ചതാണെന്ന വിവാദവും കത്തിനില്‍ക്കുന്നു. പുതിയ ട്രഷറി മന്ത്രിയായി എമ്മ റെനോള്‍ഡ്‌സിനെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ നിയമിച്ചു. ലേബര്‍ സര്‍ക്കാരിന്റെ ജനപ്രീതി ഇടിയുന്നതിനിടെയാണ് രാജി.