ലണ്ടന്‍: യുകെയില്‍ നഴ്‌സായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റസിഡന്‍ഷ്യല്‍ 'ഓസ്‌കി' ട്രെയിനിങ്ങിന് അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പും റിക്രൂട്ടിങ് സ്ഥാപനമായ നഴ്‌സിങ് ജോബ്‌സ് -യുകെയും സംയുക്തമായി പുതിയ സൗകര്യം ഒരുക്കുന്നു. അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ ട്രെയിനിങ് വിഭാഗമായ അപ്പോളോ എജ്യുക്കേഷന്‍ - യുകെയും ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ കീഴിലുള്ള നഴ്‌സിങ് ജോബ്‌സ് - യുകെയും ചേര്‍ന്നൊരുക്കുന്ന ഈ ട്രെയിനിങ് പ്രോഗ്രാം നിലവില്‍ യുകെയില്‍ കെയററായും മറ്റും ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാര്‍ക്ക് എന്‍.എം.സി. റജിസ്‌ട്രേഷനെടുത്ത് എന്‍.എച്ച്.എസിലും മറ്റും ജോലി നേടാന്‍ അവസരം ഒരുക്കും. അപ്പോളോയുടെ ക്രൂവ് കാംപസിലാണ് പുതിയ ട്രെയിനിങ് പ്രോഗ്രാം.
ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (ഓസ്‌കി) പരീക്ഷ പാസായാല്‍ മാത്രമേ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലില്‍ റജിസ്‌ട്രേഷന്‍ എടുക്കാനാകൂ. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് ഏറെ സഹായകമാകുന്ന ഈ ട്രെയിനിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ക്രൂവില്‍ നടന്നു. ക്രൂവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗം കോണര്‍ നെയ്‌സ്മിത്ത്, ക്രൂവ് മേയര്‍ ഡോണ്‍ ക്ലാര്‍ക്ക്, ഏലൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ മാത്യു ജെയിംസ്, അപ്പോളോ എജ്യൂക്കേഷന്‍ -യുകെ കമേഴ്‌സ്യല്‍ ഡയറക്ടര്‍ ഒലിവര്‍ ജാന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞവര്‍ഷം എന്‍.എച്ച്.എസ് പുറത്തുവിട്ട കണക്കുപ്രകാരം നിലവില്‍ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളുടെ കീഴില്‍ 31,294 നഴ്‌സിങ് വേക്കന്‍സികളാണുള്ളത്. ഷോര്‍ട്ടേജ് ഓക്കുപ്പേഷനല്‍ ലിസ്റ്റിലുള്ള നഴ്‌സിങ് ജോലിയിലേക്ക് വിദേശത്തുനിന്നും ആളുകളെ എത്തിക്കാന്‍ ട്രസ്റ്റുകള്‍ നിലവില്‍ വലിയതോതില്‍ ഫണ്ട് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ യുകെയില്‍ കെയററായി ജോലിചെയ്യുന്നവര്‍ക്ക് ഓസ്‌കി പാസായി നഴ്‌സിങ് ജോലിയിലേക്ക് മാറാന്‍ സാധ്യതകള്‍ ഏറെയാണ്.