ലണ്ടന്‍: തിങ്കളാഴ്ച നടക്കാനിരിക്കുന്ന യുഎസ് അധികാരകൈമാറ്റച്ചടങ്ങില്‍ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമായി കരുതപ്പെടുന്ന ബ്രിട്ടന്റെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ക്കു ക്ഷണമില്ല. വാഷിങ്ടനിലെ അംബാസഡര്‍ രാജ്യത്തെ പ്രതിനിധീകരിക്കുമെന്നു ബ്രിട്ടിഷ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണു പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നോ എന്നതിന്, ഇന്ത്യയ്ക്കു ക്ഷണമുണ്ട്, വിദേശകാര്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കും എന്നാണു വിദേശകാര്യവകുപ്പിന്റെ മറുപടി.
ഇതാദ്യമായാണ് യുഎസ് പ്രസിഡന്റിന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങിലേക്ക് ഏതാനും വിദേശഭരണത്തലവന്മാരെ ക്ഷണിച്ചിരിക്കുന്നത്. സാധാരണ വിദേശരാജ്യങ്ങളുടെ വാഷിങ്ടനിലെ എംബസിക്കാണു ക്ഷണം നല്‍കാറുള്ളത്. അംബാസഡര്‍മാരാണ് അതതു രാജ്യങ്ങളെ പ്രതിനിധീകരിച്ചു ചടങ്ങില്‍ സംബന്ധിക്കാറുള്ളത്.കടുത്ത വലതുപക്ഷക്കാരായി അറിയപ്പെടുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി, അര്‍ജന്റീന പ്രസിഡന്റ് ഹവിയര്‍ മിലൈ, എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയിബ് ബുകേലെ, ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ, ബ്രിട്ടനിലെ റിഫോമിസ്റ്റ് പാര്‍ട്ടി നേതാവ് നൈഗല്‍ ഫറാഷ് തുടങ്ങിയവരെ കൂടാതെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഷി പങ്കെടുക്കില്ല. വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ് ചൈനയെ പ്രതിനിധീകരിക്കും.
ട്രംപുമായി ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ് ടെലിഫോണ്‍ സംഭാഷണം നടത്തി. സംഭാഷണം ഫലപ്രദമായിരുന്നുവെന്നും ചൈന-യുഎസ് ബന്ധം മെച്ചപ്പെടുത്താനാവുമെന്ന് ഇരുവരും പ്രതീക്ഷ പങ്കുവച്ചെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കു 60% തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. മോദിയും ട്രംപും തമ്മില്‍ അടുത്തുതന്നെ കൂടിക്കാഴ്ച നടത്തുമെന്നു സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു.