|
പ്രെസ്റ്റന്‍ എഐവിസി സംഘടിപ്പിച്ച ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റില്‍ യുകെയിലെ ആദ്യകാല വോളിബോള്‍ ക്ലബ്ബുകളില്‍ ഒന്നായ ലിവര്‍പൂള്‍ ലയണ്‍സ് വോളിബോള്‍ ക്ലബ് എതിരാളികളെ നിഷ്പ്രഭമാക്കികൊണ്ടു ചാമ്പ്യന്‍ ട്രോഫിയില്‍ മുത്തമിട്ടു. സംഘടനാ മികവുകൊണ്ടും ടീം പ്രാതിനിധ്യം കൊണ്ടും ഷിബിന്‍ - തോമസ് എന്നിവരുടെ നേതൃത്വത്തില്‍ എഐവിസി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ Preston A, Preston B, Cardiff dragons, Cardiff blue, Sheffield A, Sheffield B, Liverpool, Manchester , Newcastle , Peterborough, London, Cambridge എന്നീ 12 ടീമുകള്‍ പങ്കെടുത്തു.
ടൂര്‍ണമെന്റിലെ ആദ്യറൗണ്ടില്‍ ഗ്രൂപ്പ് വിന്നേഴ്സ് ആയി സെമി ഫൈനലില്‍ എത്തിയ എല്‍വിസി ലിവര്‍പൂള്‍ യുവത്വവും പ്രൊഫഷണല്‍ വോളിബോളിന്റെ പരിചയവും കൂടി കലര്‍ന്ന കേംബ്രിഡ്ജിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ മറികടക്കുക ആയിരുന്നു. പിന്നീട് നടന്ന ഫൈനലില്‍ കഴിഞ്ഞ കാല യുകെ യൂറോപ്പ് ടൂര്‍ണമെന്റുകളിലെ സ്ഥിരം വിജയികളായ കാര്‍ഡിഫ് ടീമിനെ എതിരില്ലാത്ത രണ്ടു സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തി കപ്പു നേടുകയായിരുന്നു. 15 ഗെയിമുകള്‍ കളിച്ച ലിവര്‍പൂള്‍ ഒരു സെറ്റ് മാത്രം വിട്ടുകൊടുത്തുകൊണ്ടാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
ഒരു മലയാളി അല്ലാത്ത കളിക്കാരനെ ചേര്‍ക്കാം എന്ന റൂള്‍ നിലനില്‍ക്കെ മലയാളികള്‍ മാത്രം അടങ്ങിയ ചുരുക്കം ചില ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റില്‍ മറ്റു ടീമുകളെ പരാജയപ്പെടുത്തി പരിചയസമ്പത്തും പ്രൊഫഷണലിസവും കൂട്ടി കലര്‍ത്തി പക്വതയോടെ കോച്ച് ഷാനുവിന്റെ കോച്ചിംഗിലും ജോര്‍ലിയുടെ ക്യാപ്റ്റന്‍സിയിലും മലയാളികള്‍ക്ക് വേണ്ടി നേടിയ ഒരു വന്‍വിജയമായി എല്‍വിസി ലിവര്‍പൂള്‍ ഇത് ആഘോഷിക്കുന്നു.
ടൂര്‍ണമെന്റില്‍ ബെസ്റ്റ് പ്ലെയറായി എല്‍വിസിയുടെ ഷാനു, ബെസ്റ്റ് അറ്റാക്കറായി കേംബ്രിഡ്ജിന്റെ അബ്ദുല്‍ ഹമീദ് ഹിബ്രസ്, ബെസ്റ്റ് സെറ്ററായി എല്‍വിസിയുടെ ബോബി, ബെസ്റ്റ് ബ്ലോക്കറായി എല്‍വിസിയുടെ ക്യാപ്റ്റന്‍ ജോര്‍ലി, എമേര്‍ജിംഗ് പ്ലെയറായി പതിനേഴു വയസ്സുകാരന്‍ പ്രസ്റ്റണ്‍ ടീമിന്റെ ജെസ്സ് സാബു എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. |