ലണ്ടന്‍: ലണ്ടനില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ഹാര്‍കിന്‍സ് സ്‌കോട്ട്‌ലന്‍ഡില്‍ ഡേറ്റിങ് സൈറ്റിലൂടെ 9 സ്ത്രീകളെ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്. ബിബിസി ഡോക്യുമെന്ററിയിലൂടെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2012 മുതല്‍ 2019 വരെ 9 സ്ത്രീകള്‍ ഹാര്‍കിന്‍സിനെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതികള്‍ പൊലീസ് സിവില്‍ കേസുകളായിട്ടാണ് പരിഗണിച്ചത്. കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല. 2019ല്‍ ഒരു സ്ത്രീയെ ഹാര്‍കിന്‍സ് കബളിപ്പിച്ച് 3000 പൗണ്ട് തട്ടിയെടുത്തു. പരാതി നല്‍കിയപ്പോള്‍ പൊലീസ് അവരോട് പറഞ്ഞത്, 'നിങ്ങളുടെ ബോയ്ഫ്രണ്ട് നിങ്ങളെ ഹോളിഡേക്ക് കൊണ്ടുപോകാന്‍ തയ്യാറല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല' എന്നായിരുന്നു. ഈ സ്ത്രീയെ ലിസ എന്നാണ് മാധ്യമങ്ങള്‍ വിളിക്കുന്നത്.
ലിസ മാധ്യമങ്ങളെ സമീപിച്ചതോടെയാണ് പൊലീസ് പഴയ പരാതികള്‍ വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയത്. 2020 ജനുവരിയില്‍ ഹാര്‍കിന്‍സിനെ അറസ്റ്റ് ചെയ്തു. ഹാര്‍കിന്‍സ് ടൈന്‍ഡര്‍ പോലുള്ള ഡേറ്റിങ് സൈറ്റുകളില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് സ്ത്രീകളെ കബളിപ്പിച്ചത്. അവരുടെ വിശ്വാസം നേടിയ ശേഷം സ്ത്രീകളില്‍ നിന്നും പണം തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ചില സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തു. മറ്റുചിലരോട് തന്റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണെന്നും ബിസിനസിനും ഹോളിഡേ ബുക്കിങ്ങിനും പണം വേണമെന്നും പറഞ്ഞ് കബളിപ്പിച്ചു. ഒരു സ്ത്രീ പാപ്പാരായി. മറ്റുചിലര്‍ കടം വീട്ടാന്‍ വര്‍ഷങ്ങളെടുത്തു. 2022ല്‍ ലണ്ടനില്‍ സ്ത്രീകളെ കബളിപ്പിച്ചതിന് പ്രതി ജയില്‍ ശിക്ഷ അനുഭവിച്ചു. 2023 ജനുവരിയില്‍ ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയില്‍ നടന്ന വിചാരണയില്‍ ഹാര്‍കിന്‍സ് 11 കുറ്റങ്ങള്‍ ചെയ്തതായി സമ്മതിച്ചു. ഒരു സ്ത്രീയെ പീഡിപ്പിച്ചതിനും മറ്റൊരു സ്ത്രീയെ ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്ക് എതിരെ കേസുണ്ട്.