ലണ്ടന്‍: യുകെയിലെ മെട്രോപൊളിറ്റന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോളെത്തി. പീത്സ ഡെലിവറി അല്ലേ? റോങ് നമ്പര്‍ എന്നു പറഞ്ഞ് ഫോണ്‍ കോള്‍ കട്ട് ചെയ്യുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥ ചെയ്തത് മറ്റൊന്നായിരുന്നു. നിങ്ങള്‍ക്ക് ശരിക്കും പീത്സയാണോ അതോ പൊലീസിന്റെ സഹായമാണോ ആവശ്യം?പൊലീസിന്റെ സഹായാമാണ് ആവശ്യമെങ്കില്‍ 'അതെ' എന്ന് പറയുക. ഇതായിരുന്നു കോള്‍ എടുത്ത ഉദ്യോഗസ്ഥ പറഞ്ഞത്. വിളിച്ച യുവതിയുടെ മറുപടി 'അതെ' എന്നായിരുന്നു.
വീട്ടില്‍ നിങ്ങളെ ഭീഷണിപ്പെടുത്തുന്ന ആരേങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഒരാളുണ്ടെന്നായിരുന്നു യുവതി പ്രതികരിച്ചത്. അക്രമിയെ ഭയന്ന് പീത്സ ഡെലിവറിയുടെ മറവില്‍ ഇരുവരും സംസാരിച്ചു. അക്രമി നിങ്ങളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കില്‍, 'പെപ്പറോണി' എന്നും കുട്ടികളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കില്‍ 'ചീസ്' എന്നും പറയണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 'പെപ്പറോണി' എന്നായിരുന്നു യുവതിയുടെ മറുപടി. ഉടന്‍ തന്നെ പൊലീസ് ഫോണ്‍ കോള്‍ ട്രാക്ക് ചെയ്ത് യുവതിയെ അക്രമിയില്‍ നിന്നും രക്ഷിച്ചു.