ലണ്ടന്‍: ബിബിസി താരം ജോണ്‍ ഹണ്ടിന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെയ്ല്‍ ക്ലിഫോര്‍ഡ് കുറ്റം സമ്മതിച്ചു. 26കാരനായ ക്ലിഫോര്‍ഡ്, ഹണ്ടിന്റെ ഭാര്യ കരോള്‍ (61), പെണ്‍മക്കളായ ഹന്ന (28), ലൂയിസ് (25) എന്നിവരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കോടതിയില്‍ സമ്മതിച്ചു. ഈ കൊലപാതകങ്ങള്‍ക്ക് മുന്‍പ് മുന്‍ കാമുകി ലൂയിസിനെ പീഡിപ്പിച്ചതായുള്ള കുറ്റം ക്ലിഫോര്‍ഡ് നിഷേധിച്ചു. ഈ കുറ്റത്തിന്മേലുള്ള വിചാരണ ഈ വര്‍ഷം അവസാനം നടക്കും. പ്രതി കാമുകിയായിരുന്ന ലൂയിസിനെ മേക്കപ്പ് ധരിക്കുന്നതില്‍ നിന്നും പുരുഷന്മാരുടെ സൗഹൃദം സ്ഥാപിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ക്ലിഫോര്‍ഡ് അസൂയ കാരണമാണ് ലൂയിസിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കേസ്. ലൂയിസുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം തന്റെ വസ്തുക്കള്‍ ശേഖരിക്കാന്‍ ബുഷിയിലെ അവരുടെ വീട്ടിലെത്തിയ ക്ലിഫോര്‍ഡ് ലൂയിസിന്റെ അമ്മ കരോളിനെയും സഹദോരി ഹന്നയും ലൂയിസിനെയും കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ മരിക്കാന്‍ പോകുകയാണെന്ന് ഭയന്ന് ഹന്ന പൊലീസിനെ വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 9നാണ് സംഭവം നടന്നത്. ആറ് മാസം നീണ്ട ബന്ധത്തില്‍ ക്ലിഫോര്‍ഡിന്റെ നിയന്ത്രണ സ്വഭാവം ലൂയിസിന് മടുത്തിരുന്നു. ലൂയിസ് ബന്ധം അവസാനിപ്പിച്ചതാണ് ക്ലിഫോര്‍ഡിനെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്.
ജീവനെടുത്തത് പ്രണയപക? 2024 ജൂലൈ 9 ന് വൈകുന്നേരം 6.30 ന് ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ ബുഷിയിലുള്ള ആഷ്‌ലിന്‍ ക്ലോസിലെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചു. ഹന്ന ഹണ്ട് 999 എന്ന നമ്പറില്‍ വിളിച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് കരോള്‍ ഹണ്ടിനെയും പെണ്‍മക്കളായ ലൂയിസിനെയും ഹന്നയെയും മരിച്ച നിലയില്‍ കണ്ടെത്തി. ക്ലിഫോര്‍ഡ് തന്റെ മുന്‍ കാമുകി ലൂയിസിന്റെ കൈകളും കാലുകളും ഡക്റ്റ് ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ട് ശേഷമാണ് കൊലപ്പെടുത്തിയത്. 2024 ജൂലൈ 10 ന് രാവിലെ 9 മണിക്ക് ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയര്‍ പൊലീസ് ക്ലിഫോര്‍ഡിന്റെ പേരും ചിത്രവും പുറത്തുവിട്ടു. അന്നേ ദിവസം വൈകുന്നേരം 5 മണിയോടെ എന്‍ഫീല്‍ഡിലെ ലാവെന്‍ഡര്‍ ഹില്‍ സെമിത്തേരിയില്‍ സ്വയം പരുക്കേല്‍പ്പിച്ച നിലയില്‍ പ്രതിയെ കണ്ടെത്തി. 1998 ല്‍ എന്‍ഫീല്‍ഡില്‍ ജനിച്ച ക്ലിഫോര്‍ഡ്, വടക്കുകിഴക്കന്‍ ലണ്ടനിലെ എന്‍ഫീല്‍ഡിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പമാണ് വളര്‍ന്നത്. 2019ല്‍ ക്ലിഫോര്‍ഡ് സൈന്യത്തില്‍ ചേര്‍ന്നു. പക്ഷേ 2022 ല്‍ സൈന്യത്തില്‍ നിന്നും ജോലി ഉപേക്ഷിച്ചു. ആക്രമണത്തിന് ശേഷം, സൈനിക വേഷത്തില്‍ തോക്കുമായി ക്ലിഫോര്‍ഡിന്റെ ചിത്രം പുറത്തുവന്നിരുന്നു. സൈന്യത്തില്‍ നിന്നും ജോലി ഉപേക്ഷിച്ച ശേഷം, ക്ലിഫോര്‍ഡ് സ്വകാര്യ സുരക്ഷാ ഗാര്‍ഡായി ജോലി ചെയ്തു. 2023 ഫെബ്രുവരി 22 മുതല്‍ 2023 ജൂലൈ 20 വരെ അദ്ദേഹം ജോലി ചെയ്തിരുന്നതായി സെന്റ് ആല്‍ബന്‍സിലെ അംതല്‍ എന്ന സ്ഥാപനം സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഒരു ആഴ്ച മുന്‍പ് ലൂയിസ് ക്ലിഫോര്‍ഡുമായുള്ള ബന്ധത്തില്‍ നിന്നി പിന്മാറിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.