Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
കൊല്ലപ്പെട്ടത് ദത്തുപുത്രന്‍, ലിയോയ്ക്ക് ആദരാഞ്ജലികളുമായി കുടുംബം
reporter

ബര്‍മിങ്ങാം: ബര്‍മിങ്ങാമില്‍ കൊല്ലപ്പെട്ട 12 വയസ്സുകാരന്‍ ദത്തുപുത്രനാണെന്ന് വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.40 ഓടെ ഹാള്‍ ഗ്രീന്‍ പ്രദേശത്തെ റിവര്‍ കോളിന്റെ തീരത്ത് വയറ്റില്‍ കുത്തേറ്റ നിലയിലാണ് ലിയോ റോസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വൈകുന്നേരം 7.30 ഓടെ മരണം സംഭവിച്ചു. കൊലപാതകത്തിന് പിന്നാലെ 14 വയസ്സുകാരനായ ഒരു ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ 70 നും 80 നും ഇടയില്‍ പ്രായമുള്ള മൂന്ന് വൃദ്ധര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളിലും ഈ കുട്ടിക്ക് പങ്കുണ്ടെന്നു സംശയിക്കുന്നു. ലിയോയ്ക്കു നേരെയുണ്ടായ ആക്രമണത്തിനു തൊട്ടുമുന്‍പാണ് അവസാനത്തെ ആക്രമണം നടന്നത്.

7 വര്‍ഷമായി ലിയോ ദത്തെടുത്ത കുടുംബത്തിനൊപ്പമായിരുന്നു. കുടുംബം അഗാധമായ ദുഃഖത്തിലാണെന്നും ബന്ധുവായ ഇഷ്ത്യാഖ് ഷാ ഗോഫണ്ട്മീ പേജിലൂടെ അറിയിച്ചു. 'ജാനറ്റിന്റെ മകളുടെ പങ്കാളിയാണ് ഞാന്‍. ലിയോയുടെ രക്ഷാധികാരിയായിരുന്നു ജാനറ്റ്. മകനെപ്പോലെയാണ് ജാനറ്റ് ലിയോയെ സ്‌നേഹിച്ചത്. ഏഴു വര്‍ഷം മുന്‍പ് ഞങ്ങളുടെ അടുത്തെത്തിയ ആദ്യ ദിനം മുതല്‍ ലിയോയെ അറിയാം. ദയയും പ്രകാശവും കഴിവുമുള്ള ഒരു കുട്ടിയെ നഷ്ടപ്പെട്ടു' - ഗോഫണ്ട്മീ പേജില്‍ ഇഷ്ത്യാഖ് ഷാ വ്യക്തമാക്കി

ഈ സംഭവത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പൊതുജനങ്ങളും മാധ്യമങ്ങളും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസ് ചീഫ് സൂപ്രണ്ട് റിച്ചാര്‍ഡ് നോര്‍ത്ത് ആവശ്യപ്പെട്ടു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് കണ്ടവരോ സിസിടിവി, മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ഡാഷ്‌ക്യാം ഫൂട്ടേജുള്ളവരോ ഉടന്‍ തന്നെ പൊലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ 101 വഴി വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസുമായി ബന്ധപ്പെടുകയോ അല്ലെങ്കില്‍ 0800 555 111 എന്ന നമ്പറില്‍ ക്രൈംസ്റ്റോപ്പേഴ്‌സിനെ അജ്ഞാതമായി ബന്ധപ്പെടുകയോ ചെയ്യാം.

 
Other News in this category

 
 




 
Close Window