ഇരിട്ടി (കണ്ണൂര്‍): യുകെയിലേക്ക് വിസ വാഗ്ദാനംനല്‍കി എടത്തൊട്ടി സ്വദേശിയില്‍നിന്ന് 11.32 ലക്ഷം തട്ടിയ കേസില്‍ കൊല്ലത്തെ ബിസിനസ്സുകാരനെ മുഴക്കുന്ന് പൊലീസ് നെടുമ്പാശേരി വിമാനത്തവളത്തില്‍ അറസ്റ്റുചെയ്തു. കൊല്ലം ലക്ഷ്മിനഗര്‍ സ്വദേശി ഷാന്‍ മന്‍സിലില്‍ ഷാന്‍ സുലൈമാനാണ് (41) പിടിയിലായത്. വിദേശത്തുനിന്ന് തിരിച്ചുവരുന്നതിനിടെ നെടുമ്പാശേരി വിമാനത്തവളത്തിലിറങ്ങിയപ്പോള്‍ പ്രതിയെ മുഴക്കുന്ന് എസ്‌ഐ എന്‍ വിപിനും സംഘവുമാണ് പിടികൂടിയത്.യുകെയില്‍ ജോലി വാഗ്ദാനംചെയ്ത് വിവിധ ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ടുവഴി 11. 32 ലക്ഷം രൂപ വാങ്ങിയ കേസിലാണ് അറസ്റ്റ്. 2022ലാണ് കേസിനാസ്പദമായ സംഭവം.
പലതവണ അവധിപറയുകയും വിസ നല്‍കാതെ വഞ്ചിക്കുകയുമായിരുന്നു. പണം തിരികെക്കിട്ടാന്‍ സമീപിച്ചെങ്കിലും നാലു ലക്ഷം രൂപ മാത്രമാണ് തിരിച്ചു നല്‍കിയത്. ഉദ്യോഗാര്‍ഥി നോര്‍ക്ക സെല്ലില്‍ പരാതി നല്‍കി. നോര്‍ക്ക സെല്‍ വഴിയാണ് മുഴക്കുന്ന് പൊലീസ് കേസ് ഏറ്റെടുത്തത്. അന്വേഷണം നടത്തുന്നതിനിടെ പ്രതി വിദേശത്തേക്ക് കടന്നു. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.വിസ നല്‍കാമെന്നു പറഞ്ഞ് ഇയാള്‍ പലരില്‍നിന്നും പണം വാങ്ങിയതായി പൊലീസ് പറഞ്ഞു. എറണാകുളം വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന സെവന്‍ എസ് സ്‌പൈസസ് ഉടമയാണ് ഷാന്‍. ഇയാളെ മട്ടന്നൂര്‍ കോടതി റിമാന്‍ഡുചെയ്തു