Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
യുകെ ആര്‍സിഎന്‍ പ്രസിഡന്റായി മലയാളി ബിജോയ് സെബാസ്റ്റിയന്‍ ചുമതലയേറ്റു
reporter

ലണ്ടന്‍: അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ റോയല്‍ നഴ്‌സിങ് കോളജിന്റെ (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യന്‍ ചുമതലയേറ്റു. ആര്‍സിഎന്‍ പ്രസിഡന്റ് എന്ന നിലയില്‍ 'ചെയിന്‍ ഓഫ് ദി ഓഫീസ്' കഴുത്തില്‍ അണിഞ്ഞാണ് ചുമതലയേറ്റത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ആര്‍സിഎന്‍ യൂണിയന്റെ ആദ്യത്തെ പുരുഷ പ്രസിഡന്റ് ആണ് ബിജോയ് സെബാസ്റ്റ്യന്‍. 1916 മാര്‍ച്ച് 27 നാണ് റോയല്‍ നഴ്‌സിങ് കോളജ് രൂപീകൃതമായത് എങ്കിലും ആദ്യ പ്രസിഡന്റായ സിഡ്‌നി ബ്രൗണി ചുമതല ഏല്‍ക്കുന്നത് 1922 ലാണ്. സിഡ്‌നി ബ്രൗണി മുതല്‍ ഇപ്പോള്‍ ചുമതല ഒഴിഞ്ഞ ഷീല സൊബ്രാനി വരെയുള്ള പ്രസിഡന്റുമാര്‍ എല്ലാവരും തന്നെ വനിതകളായിരുന്നു.

ബിജോയ് സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആര്‍സിഎന്‍. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന്റെ ചുമതലയുള്ള സീനിയര്‍ നഴ്‌സാണ്. യുകെയിലെ മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാന്‍ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷയിലാണ് മലയാളി സമൂഹം. കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനായ പുന്നപ്ര വണ്ടാനം പുത്തന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് പഠനത്തിനും ഒരുവര്‍ഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാന്‍ഡ്-5 നഴ്‌സായി ബിജോയ് ബ്രിട്ടനില്‍ എത്തിയത്. ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി. 2015ല്‍ ബാന്‍ഡ്-6 നഴ്‌സായും 2016ല്‍ ബാന്‍ഡ്-7 നഴ്‌സായും കരിയര്‍ മെച്ചപ്പെടുത്തി. 2021ലാണ് ബാന്‍ഡ്-8 തസ്തികയില്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ എത്തുന്നത്. ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമര്‍സ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്‌സ് ദിവ്യയാണ് ഭാര്യ. മകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവേല്‍. ബിജോയിയുടെ സഹോദരി ബ്ലസിയും ഭര്‍ത്താവ് ജിതിനും ലണ്ടനില്‍ നഴ്‌സുമാരാണ്.

 
Other News in this category

 
 




 
Close Window