ഒട്ടാവ: രാജ്യത്ത് പഠനത്തിനായി എത്തുന്ന രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി കാനഡ. പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, മറ്റു സേവനങ്ങള്‍ എന്നിവയിലെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനാണ് നീക്കം. ഈ വര്‍ഷം 4,37,000 സ്റ്റഡി പെര്‍മിറ്റുകള്‍ അനുവദിക്കാനാണ് തീരുമാനം. ഇത് 2024 ല്‍ നിന്ന് 10 ശതമാനം കുറവാണ്.
സമീപ വര്‍ഷങ്ങളിലെ ജനസംഖ്യ വളര്‍ച്ച ഭവന ക്ഷാമം രൂക്ഷമാക്കുന്നതായി കണ്ടത്തിയതിനെ തുടര്‍ന്ന് 2024ല്‍ കാനഡ രാജ്യാന്തര വിദ്യാര്‍ഥി പെര്‍മിറ്റുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിരുന്നു. 2023ല്‍, വിദേശ വിദ്യാര്‍ഥികള്‍ക്ക് 6,50,000ലധികം പഠന പെര്‍മിറ്റുകളാണ് നല്‍കിയത്. 10 വര്‍ഷം മുന്‍പ് രാജ്യത്തുണ്ടായിരുന്ന രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണത്തെക്കാള്‍ മൂന്നിരട്ടി ഇപ്പോഴുണ്ടെന്നാണ് കണക്ക്. കുടിയേറ്റം മൂലമുണ്ടാകുന്ന ദ്രുതഗതിയിലുള്ള ജനസംഖ്യ വളര്‍ച്ച ഭവന ചെലവുകളും വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം, ആഭ്യന്തര വിദ്യാര്‍ഥികളെ അപേക്ഷിച്ച് രാജ്യാന്തര വിദ്യാര്‍ഥികളില്‍നിന്നു ഉയര്‍ന്ന ട്യൂഷന്‍ ഫീസാണ് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.