ഹീത്ത് ടൗണ്‍: വീട്ടുമുറ്റത്തു നിന്ന് നായ്ക്കളെ മോഷ്ടിച്ച ശേഷം കനാലില്‍ മുക്കിക്കൊന്ന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഉടമ. ജനുവരി 12 ന് രാത്രിയില്‍ വീട്ടുമുറ്റത്ത് ശുചിമുറി ആവശ്യത്തിനായി ഇറക്കിയ നാല, നോവ എന്നീ മൂന്ന് വയസ്സുള്ള മാസ്റ്റിഫ് ഇനത്തില്‍പ്പെട്ട നായ്ക്കളെയാണ് മോഷ്ടിച്ചത്. വോള്‍വര്‍ഹാംപ്ടണിലെ ഹീത്ത് ടൗണില്‍ താമസിക്കുന്ന സാറാ ഹാംബ്ലെറ്റ് എന്ന വനിതയാണ് നായ്ക്കളുടെ ഉടമ. ഉടമ പേരക്കുട്ടികളെ ശ്രദ്ധിക്കാന്‍ പോയ സമയത്താണ് നായ്ക്കളെ കാണാതായത്. തിരിച്ചെത്തി നോക്കിയപ്പോള്‍ നായ്ക്കളെ കാണാനില്ലായിരുന്നു. പുറകിലെ ഗേറ്റ് തുറന്ന നിലയിലാണ് കാണപ്പെട്ടത്.
ഡോര്‍ബെല്‍ ക്യാമറയില്‍ നിന്ന് കാര്യമായ വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സാറാ അയല്‍ക്കാരന്റെ സഹായത്തോടെ റോഡിലും പാര്‍ക്കിലും തിരച്ചില്‍ നടത്തിയിരുന്നു. 5 ദിവസങ്ങള്‍ക്ക് ശേഷം, സമീപത്തുള്ള കനാലില്‍ ഒരു ബില്‍ഡര്‍ ബാഗില്‍ കെട്ടി മുക്കിക്കൊല്ലപ്പെട്ട നിലയില്‍ നായ്ക്കളെുടെ മൃതദേഹം കണ്ടെത്തി. എക്‌സ്എല്‍ ബുള്ളികളോട് സാമ്യമുള്ളതിനാലായിരിക്കാം നായ്ക്കളെ മോഷ്ടക്കാള്‍ ലക്ഷ്യമിട്ടതെന്ന് സാറ കരുതുന്നു. സംഭവത്തില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലെയര്‍ വൗവല്‍സ് എന്ന വനിത ഗോ ഫണ്ട് മിയില്‍ സാറയ്ക്ക് വേണ്ടി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കുക എന്നതാണ് ധനസമാഹരണത്തിന്റെ ലക്ഷ്യം.