ലണ്ടന്: 2019ന് ശേഷം യുകെയില്‍ ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. 2024-ലെ അവസാന മൂന്ന് മാസങ്ങളില്‍ ആണ് ശരാശരി വാടക നിരക്ക് താഴ്ന്നത്. വീടുകള്‍ മാറുന്നത് മൂലമുള്ള അധിക സാമ്പത്തിക ചെലവ് ഒഴിവാക്കാന്‍ വാടകക്കാര്‍ നിര്‍ബന്ധിതമായതോടെയാണ് ഈ സ്ഥിതി ഉടലെടുത്തത്. ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക വീടുകളുടെ നിരക്കില്‍ 0.2 ശതമാനം കുറവാണ് നേരിട്ടത്. 3 പൗണ്ട് താഴ്ന്ന് 1341 പൗണ്ടിലേക്കാണ് പ്രതിമാസ നിരക്ക് എത്തിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി.
ചെറിയ നിരക്ക് താഴ്ചയാണ് രേഖപ്പെടുത്തിയതെങ്കിലും മഹാമാരിക്ക് ശേഷം ക്വാര്‍ട്ടേര്‍ലി അടിസ്ഥാനത്തില്‍ ആദ്യമായാണ് വാടക താഴുന്നത്. വാടക നിരക്കുകള്‍ പരമോന്നതിയിലെത്തിയ 2023 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളില്‍ വാടക നിരക്കുകള്‍ പരമോന്നതിയില്‍ എത്തിയപ്പോള്‍ മൂന്ന് മാസത്തെ കാലയളവില്‍ ചോദിക്കുന്ന തുക 3.8 ശതമാനം വര്‍ധിക്കുകയാണ് ചെയ്തത്. ഇതിന് മുന്‍പ് തുടര്‍ച്ചയായി 19 പാദങ്ങളിലും വാടകകള്‍ ഓരോ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് വരികയായിരുന്നു. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്കുകള്‍ 4.7% കൂടുതലാണ്. 2021ന് ശേഷം ആദ്യമായി കുറഞ്ഞ നിരക്കിലാണ് വളര്‍ച്ച. വിപണിയെ സംബന്ധിച്ച് ഇത് സുപ്രധാന നാഴികക്കല്ലാണെന്ന് റൈറ്റ്മൂവ് പറയുന്നു.