ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം കൂട്ടായ്മയായ മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന് (എം.സി.ബി) ഇനി പുതിയ ഭാരവാഹികള്‍. ഇന്ത്യന്‍ വംശജനായ ഡോ. വാജിദ് അക്തര്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ കൗണ്‍സിലില്‍ മലയാളിയും ഇടംനേടി. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് വാജിദ് അക്തറും ഡോ. മുഹമ്മദ് അദ്രീസുമാണ് മത്സരിച്ചത്. വാജിദ് അക്തര്‍ ആതുരശുശ്രൂഷ മേഖലയില്‍ നടത്തിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റായും എം.സി.ബി അസിസ്റ്റന്റ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തീവ്രവലതുപക്ഷ സംഘടനകളുടെ ആക്രമണമടക്കം നിരവധി വെല്ലുവിളികള്‍ വ്യാപകമാകുന്ന ഘട്ടത്തില്‍ മുസ്ലിംകളുടെ ഐക്യത്തിനും ശാക്തീകരണത്തിനും പ്രാധാന്യം നല്‍കുമെന്ന് വാജിദ് അക്തര്‍ വ്യക്തമാക്കി. തന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോക്ക് വിഷന്‍ 2050 എന്നാണ് അക്ത4 പേരിട്ടിരുന്നത്. മുസ്ലിം യുവതക്ക് പ്രാധാന്യം നല്‍കുന്ന സമീപനം സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് വംശജനായ മസൂദ് അഹ്‌മദാണ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍. സാമൂഹിക സേവനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ മസൂദ് അഹ്‌മദ് 2013 മുതല്‍ എം.സി.ബി ദേശീയ കൗണ്‍സില്‍ അംഗമാണ്. നേരത്തെ എം.സി.ബി എജുക്കേഷന്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. 25 അംഗ എം.സി.ബി ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരു മലയാളിയുമുണ്ട്. ലീഡ്‌സ് സര്‍വകലാശാല അധ്യാപകനും ബ്രിട്ടീഷ് മുസ്ലിം സംഘടനയായ സ്‌ട്രൈവ് യു.കെ പ്രസിഡന്റുമായ ഡോ. ശഹീന്‍ കെ. മൊയ്ദുണ്ണിയാണ് എം.സി.ബി നാഷനല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് ശഹീന്‍. ബ്രിട്ടനിലെ അഞ്ഞൂറിലധികം വരുന്ന ദേശീയ, പ്രാദേശിക സംഘടന പ്രതിനിധികളില്‍നിന്നാണ് എം.സി.ബി ദേശീയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത്.