Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി എയര്‍ ഇന്ത്യയുടെ പിന്‍വാങ്ങല്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടന്‍- കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗട്ട്വിക് വിമാനത്താവളത്തില്‍നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കില്‍നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍നിന്നും ഗാട്ട്വിക്കിലേക്കും എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്. സര്‍വീസ് നിര്‍ത്തുന്നത് ഒരു കാരണവും പറയാതെ കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ ഒരെണ്ണമായിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സര്‍വീസ് ആഴ്ചയില്‍ രണ്ടായും, പിന്നീട് മൂന്നായും ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ന്യായമായ ഒരു കാരണവും പറയാതെയാണ് പൊടുന്നനെ സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ കൈക്കൊണ്ടത്. മാര്‍ച്ച് 30നുശേഷം ഈ റൂട്ടില്‍ ബുക്കിങ് എടുക്കുന്നില്ല. നേരത്തെ ഈ സര്‍വീസുകളില്‍ ടിക്കറ്റ് ബുക്കു ചെയ്തിരുന്നവര്‍ക്ക് മറ്റു വഴികളിലൂടെ യാത്ര ഒരുക്കാമെന്ന ഉറപ്പു നല്‍കുകയും ചെയ്തു. ഇത് സ്വീകാര്യമല്ലാത്തവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കും. ചുരുങ്ങിയ കാലംകൊണ്ട് നാട്ടിലേക്കുള്ള ലൈഫ് ലൈനായി മാറിയ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിന്റെ നിരാശയിലും സങ്കടത്തിലുമാണ് ബ്രിട്ടനിലെ മലയാളികള്‍ ഒന്നടങ്കം.

ഓണ്‍ലൈന്‍ പെറ്റീഷനിലൂടെയും വിവധ സംഘടനകളുടെ നേതൃത്വത്തിലും എംപിമാരുടെയും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്ന് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ മലയാളികള്‍. വിവിധ ട്രാവല്‍ ഏജന്‍സികള്‍ സംയുക്തമായി എയര്‍ ഇന്ത്യ മാനേജ്‌മെന്റിനുമേലും സര്‍വീസിനായി ശക്തമായ സമ്മര്‍ദവും സ്വാധീനവും ചൊലുത്തുന്നുണ്ട്. രണ്ടു ദിവസം മുന്‍പാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍വീസ് നിത്തലാക്കിയതായുള്ള അറിയിപ്പ് ലഭിച്ചത്. അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് അവ്യക്തമായ ചര്‍ച്ചകളും വാര്‍ത്തകളും വന്നു തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനെല്ലാം അവസാനം കുറിച്ച് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. വിമാനങ്ങളുടെ അഭാവമാണ് സര്‍വീസ് നിര്‍ത്തുന്നതിന് കാരണമായി എയര്‍ ഇന്ത്യ പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതിനെ സാധൂകരിക്കാന്‍ പറ്റാത്തവിധം അമൃത്സറിലേക്ക് നിലവില്‍ ആഴ്ചതോറുമുള്ള മൂന്നു സര്‍വീസുകള്‍ നാലായി ഉയര്‍ത്തുകയും ചെയ്തു. അഹമ്മദാബാദ്, അമൃത്സര്‍, ഗോവ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഗാട്ട്വിക്ക് വിമാനത്താവളത്തില്‍നിന്നും നിലവിലെ എയര്‍ ഇന്ത്യയുടെ ഡയറക്ട് സര്‍വീസുകള്‍. വി.എഫ്.ആര്‍. റൂട്ടുകളുടെ (വിസിറ്റിങ് ഫ്രണ്ട്‌സ്, റിലേറ്റീവ് ആന്‍ഡ് ലെഷര്‍ ട്രാവലേഴ്‌സ്) ഗണത്തിലാണ് ഇവയെല്ലാമുള്ളത്. എങ്കിലും ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു റൂട്ടുകളേക്കാളേറെ വരുമാനം ഉണ്ടാക്കുന്നവയായിരുന്നു ഇതെല്ലാം. ഇതൊന്നും പരിഗണിക്കാതെയുള്ള തീരുമാനമാണ് എയര്‍ഇന്ത്യ മാനേജ്‌മെന്റില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

ഗോവയ്ക്ക് നിലവിലുള്ള ആഴ്ചയിലെ നാലു സര്‍വീസുകള്‍ മൂന്നായി കുറയ്ക്കും ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രം എന്ന പരിഗണനയിലാണ് ഗോവ സര്‍വീസ് ഒരെണ്ണം കുറച്ച് നിലനിര്‍ത്തുന്നത്. അമൃത്സറിന് നിലവില്‍ ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ഉണ്ടായിരുന്നത് ഇത് നാലായി ഉയര്‍ത്തി. യാത്രക്കാരുടെ അധിക ഡിമാന്റാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് വിശദീകരണം. അതേസമയം കേരളത്തില്‍ ഒറ്റയടിക്ക് മൂന്നു സര്‍വീസുകളും എടുത്തുമാറ്റി. ചര്‍ച്ചയും സമ്മര്‍ദവുമായി ട്രാവല്‍ ഏജന്റുമാര്‍ വരുമാനക്കുറവ്, കൂടുതല്‍ വരുമാനമുള്ള റൂട്ടുകളിലേക്ക് വിമാനം കണ്ടെത്താനുള്ള ബുദ്ധിമുട്ട് തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ മാത്രമാണ് ഇതിന് എയര്‍ ഇന്ത്യയ്ക്ക് പറയാനുള്ളത്. എല്ലാദിവസവും നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്ക് പറക്കുന്ന വിമാനം നിര്‍ത്തലാക്കാന്‍ ഈ ന്യായം പറയുന്നത് ശരിയല്ലെന്ന് ഇന്നലെ ഗാട്ട്വിക്ക് എയര്‍പോര്‍ട്ടില്‍ നടന്ന മീറ്റിങ്ങില്‍ ട്രാവല്‍ ഏജന്റുമാര്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റിനോട് വ്യക്തമാക്കി. ഒട്ടും യാത്രക്കാരില്ലാത്ത ബെംഗളൂരു റൂട്ടില്‍ എല്ലാദിവസവും സര്‍വീസ് തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രാവല്‍ ഏജന്റുമാര്‍ എയര്‍ ഇന്ത്യയുടെ വാദങ്ങള്‍ പൊളിച്ചത്. യുകെയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 16 ട്രാവല്‍ ഏജന്റുമാരാണ് എയര്‍ ഇന്ത്യ മാനേജ്‌മെന്റുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. കണക്കുകള്‍ സഹിതം ഇവര്‍ വാദമുഖങ്ങള്‍ ഉന്നയിച്ചപ്പോള്‍ നാട്ടില്‍നിന്നുള്ള തീരുമാനമാണിതെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചൊലുത്താനുമായിരുന്നു എയര്‍ ഇന്ത്യ പ്രതിനിധികളുടെ നിര്‍ദേശം. ഡാലസ്, ലൊസാഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്കുപോലും വിമാനങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ് എയര്‍ ഇന്ത്യക്കുള്ളതെന്ന വിചിത്ര വാദമാണ് ലണ്ടന്‍ പോലൊരു നഗരത്തിലേക്കുള്ള സര്‍വീസ് റദ്ദാക്കാന്‍ പറയുന്നതെന്നതും കൗതുകമാകുന്നു.

നിന്നുപോകുന്നത് പ്രായമായ യാത്രക്കാരുടെ ഇഷ്ട സര്‍വീസ് സര്‍ക്കാര്‍ ഓഫിസ് കണക്കെയുള്ള സേവനവും അത്യന്തം ശോചാലവസ്ഥയിലുള്ള ടോയ്ലറ്റും പ്രവര്‍ത്തിക്കാത്ത മോണിറ്ററും ഒക്കെയായിരുന്നെങ്കിലും ഒറ്റപ്പറക്കലിന് നാട്ടിലെത്താം എന്നതിനാല്‍ എയര്‍ ഇന്ത്യ ഡയറക്ട് ഫ്‌ലൈറ്റുകള്‍ ചുരുങ്ങിയ കാലംകൊണ്ട് എറെ ജനപ്രിയമായിരുന്നു. പ്രായമായവരെ ഒറ്റയ്ക്ക് നാട്ടിലേക്ക് കയറ്റിവിടാനും നാട്ടില്‍നിന്നും ബ്രിട്ടനിലേക്ക് സന്ദര്‍ശനത്തിനായും മറ്റും കൊണ്ടുവരാനും ഏറെ സഹായകമായിരുന്നു ഈ വിമാനങ്ങള്‍. ഏറെയും പ്രായമായവരായിരുന്നു ഇതിലെ യാത്രക്കാര്‍ എന്നത് തുടക്കം മുതലേ ശ്രദ്ധേയമായ കാര്യമായിരുന്നു. കോവിഡ് കാല വന്ദേഭാരത് ഫ്ളൈറ്റുകള്‍ പുനരാരംഭിച്ചപ്പോള്‍ കൊച്ചിയെയും അടിയന്തിരമായി ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്ന് പ്രധാനമന്ത്രിക്കും വ്യോമഗതാഗത വകുപ്പിനും വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരിക്കും കേന്ദ്ര മന്ത്രിയായിരുന്ന വി. മുരളീധരനും മുഖ്യമന്ത്രിക്കും അപേക്ഷ സമര്‍പ്പിച്ച് നടത്തിയ സമ്മര്‍ദ്ദമാണ് ഈ സര്‍വീസുകള്‍ക്ക് കാരണമായത്. കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതരുടെ ഇടപെടലും ഇതിന് സഹായകമായിരുന്നു. ന്മ രണ്ടുവര്‍ഷം മുമ്പും സമാനമായ നടപടി 2023ലും സമാനമായ രീതിയില്‍ ഈ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ മലയാളി സംഘടനകളും മറ്റും എംപിമാരുടെയും അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും സഹായത്തോടെ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതിനാല്‍ സര്‍വീസുകള്‍ മുടങ്ങിയില്ല. സമാനമായ ഇടപെടലുകളാണ് ഇക്കുറിയും ഉണ്ടാകേണ്ടത്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ സഹായമാണ് ഇക്കാര്യത്തില്‍ അടിയന്തരമായി ഉണ്ടാകേണ്ടതെന്ന വിശ്വാസമാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തിനുള്ളത്.

മുഖ്യമന്ത്രിയുടെ ഉറപ്പ് ജലരേഖയായി ആഴ്ചയില്‍ മൂന്നു ദിവസമുള്ള സര്‍വീസ് അഞ്ചുദിവസമാക്കി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതിയാണ് ഉള്ളതെന്നും ലോകകേരള സഭ യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിയിച്ചിരുന്നു. കൊച്ചി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കൂടിയായ പ്രമുഖ വ്യവസായി എം.എ.യൂസഫലിയും ഇക്കാര്യം ആ സമ്മേളനത്തില്‍ ശരിവച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ജലരേഖയാകുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇപ്പോള്‍ ഉണ്ടാകുന്നത്. കോവിഡ് കാലത്ത് രാജ്യാന്തര വിമാനസര്‍വീസുകള്‍ ഒന്നടങ്കം നിലച്ചപ്പോള്‍ ബ്രിട്ടനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ വിവിധ നഗരങ്ങളിലേക്ക് ''വന്ദേ ഭാരത്''എന്ന പേരില്‍ ഡയറക്ട് സര്‍വീസ് തുടങ്ങിയത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്,ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു തുടങ്ങിയ ചുരുക്കം നനഗരങ്ങളിലേക്കായിരുന്നു ഈ ഡയറക്ട് സര്‍വീസ്. ഇതാണ് പിന്നീട് കോവിഡിനു ശേഷം കൊച്ചിയിലേക്കുള്ള റഗുലര്‍ ഷെഡ്യൂളായി നിലനിര്‍ത്തിയത്. പത്തു മണിക്കൂറിനുള്ളില്‍ ഒറ്റപ്പറക്കലിന് നാട്ടിലെത്താവുന്ന ഈ സൗകര്യം ബ്രിട്ടനിലെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എമറേറ്റ്‌സിനെപോലും പിന്നിലാക്കി മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ചോയ്‌സായി ലണ്ടന്‍- കൊച്ചി എയര്‍ ഇന്ത്യ സര്‍വീസ് മാറി. ഒരിക്കല്‍പോലും ആവശ്യത്തിനു യാത്രക്കാരില്ലാതെ ഈ സര്‍വീസ് നടന്നിട്ടില്ല. ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ ഇളവുകള്‍ നല്‍കിയും വിമാനജോലിക്കാര്‍ക്ക് താമസിക്കാന്‍ എയര്‍പോര്‍ട്ടിനടുത്ത് സൗകര്യം ഒരുക്കിയും മറ്റുമായിരുന്നു കൊച്ചി വിമാനത്താവള അധികൃതര്‍ ഈ ഡയറക്ട് സര്‍വീസിനെ പ്രോത്സാഹിപ്പിച്ചത്.

കൊച്ചി വിമാനത്തിന്റെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചു. മൂവായിരത്തോളം പേര്‍ ഇതിനോടകം ഈ പരാതിയില്‍ പങ്കുചേര്‍ന്നു കഴിഞ്ഞു. പരമാവധിയാളുടെ ഒപ്പുശേഖരിച്ച് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ അടിയന്തരമായി ഈ വിഷയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് യുക്മയെന്ന് വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍ വ്യക്തമാക്കി. പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയാണ് പെറ്റീഷന്‍ തയാറാക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window