ലണ്ടന്‍: യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാകും പുതിയ കണക്കുകള്‍. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കു പ്രകാരം 2032 പകുതിയോടെ യുകെ ജനസംഖ്യ 72.5 ദശലക്ഷത്തിലെത്തുമെന്നാണ് പറയുന്നത്. കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാരിന് മേല്‍ ഇതു സമ്മര്‍ദ്ദമുണ്ടാക്കും. 2022-2023 കാലഘട്ടം ജനസംഖ്യ 4.9 ദശലക്ഷമായി വളരുമെന്നാണ് കണക്ക്. പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം , വിദ്യാഭ്യാസം, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിങ്ങനെ വലിയ വെല്ലുവിളികളാണ് സര്‍ക്കാരിന് മേല്‍ ഉണ്ടാകുക. ജനസംഖ്യാ വര്‍ദ്ധനവിന് കാരണമാകുക കുടിയേറ്റമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2032 ഓടെ 1.7 ദശലക്ഷം പെന്‍ഷന്‍കാരുണ്ടാകുമെന്നാണ് കണക്ക്. വാര്‍ദ്ധക്യത്തിലെ ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വവും സര്‍ക്കാരിന് മുന്നില്‍ വലിയ കീറാമുട്ടിയാകും. വലിയ രീതിയിലെ മുന്നൊരുക്കം തന്നെ വേണ്ടിവരും. ഇംഗ്ലണ്ടില്‍ 7.8 ശതമാനവും വെയില്‍സില്‍ 5.9 ശതമാനവും സ്‌കോട്ലന്‍ഡില്‍ 4.4 ശതമാനവും വടക്കന്‍ അയര്‍ലന്‍ഡില്‍ 2.1 ശതമാനവുമാണ് ജനസംഖ്യാ വളര്‍ച്ച പ്രതീക്ഷിക്കുന്നത്. കുടിയേറ്റം കുറച്ച് സാങ്കേതിക വിദ്യകളുടെ സഹായം തേടണമെന്നും പ്രൊഫഷണലായവരെ മാത്രം കുടിയേറാന്‍ അനുവദിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ ശക്തമാണ്. കുടിയേറ്റ നിയന്ത്രണം ഇപ്പോള്‍ തന്നെ പ്രവാസ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഇനി നിര്‍ബന്ധിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.