ലണ്ടന്‍: ബ്രിട്ടനിലെ റോഡുകളില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. മണിക്കൂറില്‍ 164 മൈല്‍ (264 km/h) വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതായി കണ്ടെത്തിയതായി പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഈ വേഗതയില്‍ വാഹനം ഓടിക്കുന്നത് തങ്ങള്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും അപകടകരമാണെന്നും, ഡ്രൈവര്‍മാര്‍ ഇത്തരം സ്വാര്‍ത്ഥത കാണിക്കരുതെന്നും പൊലീസ് കര്‍ശനമായി നിര്‍ദ്ദേശിച്ചു. 2019 നും 2023 നും ഇടയില്‍ മണിക്കൂറില്‍ 100 മൈല്‍ (161 km/h) വേഗതയില്‍ ഓടിക്കുന്ന 24,000 ത്തിലധികം വാഹനങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതായി പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കെന്റിലെ എം25ല്‍ ഒരു കാറും ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ മറ്റൊരു കാറും മണിക്കൂറില്‍ 164 മൈല്‍ (264 km/h) വേഗതയില്‍ ഓടിക്കുന്നതായി കണ്ടെത്തി. ലണ്ടനിലും ഹംബര്‍സൈഡ് പൊലീസ് ഫോഴ്സ് ഏരിയയിലും മണിക്കൂറില്‍ 163 മൈല്‍ (262 km/h) വേഗതയില്‍ ഓടിക്കുന്നതും കണ്ടെത്തി. ഇത്രയും വേഗത്തില്‍ വാഹനം ഓടിക്കുന്നത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കെന്റ് പൊലീസിലെ റോഡ് പൊലീസിങ് മേധാവി ചീഫ് ഇന്‍സ്പെക്ടര്‍ ക്രെയ്ഗ് വെസ്റ്റ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാലയളവില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗത എന്തെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍ പുറത്തുവന്നത്. അമിതവേഗത്തില്‍ നിരത്തിലൂടെ പായുന്ന പലരും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതായും വിവരമുണ്ട്. 2023-ല്‍ എം62-ല്‍ 164 മൈല്‍ (264 km/h) വേഗതയില്‍ സഞ്ചരിച്ച ഒരു ഡ്രൈവര്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുന്നതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് പറഞ്ഞു. 2022ല്‍ സ്വാന്‍ലിയിലെ എം25-ല്‍ അതേ വേഗതയില്‍ സഞ്ചരിച്ച സീറ്റ് ലിയോണിന്റെ ഡ്രൈവറെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കെന്റ് പൊലീസ് സ്ഥിരീകരിച്ചു. രണ്ട് സാഹചര്യങ്ങളിലും മോട്ടര്‍വേ വേഗപരിധിയായ 70 മൈലില്‍ (113 km/h) ഇരട്ടിയിലധികമായിരുന്നു വേഗത. 2019-ല്‍ 162 മൈല്‍ (260 km/h) വേഗതയില്‍ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട ഒരു ഡ്രൈവര്‍ക്ക് ലൈസന്‍സില്‍ ആറ് പെനാല്‍റ്റി പോയിന്റുകള്‍ നല്‍കിയതായും 1,210 പൗണ്ട് പിഴ ലഭിച്ചതായും സൗത്ത് യോര്‍ക്ക്‌ഷെയര്‍ പൊലീസ് പറഞ്ഞു.