ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ലണ്ടന്‍- കൊച്ചി വിമാന സര്‍വീസ് റദ്ദാക്കിയ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് എംപിമാര്‍. ആന്റോ ആന്റണിയും ഫ്രാന്‍സിസ് ജോര്‍ജുമാണ് വിഷയത്തില്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടന്‍- കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 30 മുതല്‍ നിര്‍ത്തലാക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കില്‍നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍നിന്നും ഗാട്ട്വിക്കിലേക്കും എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ ഒരെണ്ണമായിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സര്‍വീസ് ആഴ്ചയില്‍ രണ്ടായും, പിന്നീട് മൂന്നായും ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ന്യായമായ ഒരു കാരണവും പറയാതെയാണ് പൊടുന്നനെ സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ കൈക്കൊണ്ടത്. മാര്‍ച്ച് 30നുശേഷം ഈ റൂട്ടില്‍ ബുക്കിങ് എടുക്കുന്നില്ല.
യൂറോപ്പില്‍ നിന്നുള്ള മലയാളികള്‍ക്ക് നാട്ടിലേക്ക് ലഭിക്കുന്ന ഡയറക്ട് അക്‌സസ് ആണ് ഈ ഫ്‌ലൈറ്റുകള്‍. ഇതു നിര്‍ത്തലാക്കുന്നത് കേരളത്തോടു തന്നെ ചെയ്യുന്ന ദ്രോഹമാണ്. പാര്‍ലമെന്റില്‍ എത്തിയാലുടന്‍തന്നെ കേരളത്തിലെ എംപിമാര്‍ എല്ലാവരും ഒരുമിച്ച് ഇതിനെതിരേ വ്യോമയാന മന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ആന്റോ ആന്റണി എംപി വ്യക്തമാക്കി. ഒട്ടേറെ യാത്രക്കാരെ ബാധിക്കുന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പറഞ്ഞു. വളരെ നിര്‍ഭാഗ്യകരമായ തീരുമാനമാണ് എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കുട്ടികളും ജോലി ചെയ്യുന്നവരും കുടുംബസമേതം താമസിക്കുന്നവരുമായി ഒട്ടേറെ മലയാളികളാണ് ബ്രിട്ടനിലുള്ളത്. അവര്‍ക്കെല്ലാം നാട്ടില്‍ വരാന്‍ ഏറ്റവും അഭികാമ്യമായിരുന്ന ഡയറക്ട് ഫ്‌ലൈറ്റ് എന്തുകൊണ്ട് നിര്‍ത്തി എന്നറിയാന്‍ വിഷയം പാര്‍ലമെന്റില്‍ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു. ഇതിനിടെ കൊച്ചി വിമാനത്തിന്റെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ 3500 പേര്‍ പങ്കുചേര്‍ന്നു. പരമാവധിയാളുകളുടെ ഒപ്പുശേഖരിച്ച് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ അടിയന്തരമായി ഈ വിഷയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് യുക്മയെന്ന് വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍ വ്യക്തമാക്കി. പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയാണ് പെറ്റീഷന്‍ തയാറാക്കിയിരിക്കുന്നത്.