ലണ്ടന്‍: 'പണി കിട്ടുക' എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. നാട്ടിലെ ആസ്ഥാന പൂട്ട് തുറക്കല്‍ വിദഗ്ധനായി അറിയപ്പെടുന്ന വ്യക്തിക്ക് സ്വന്തം വളര്‍ത്തുന്നത് തന്നെ കൊടുത്തത് എട്ടിന്റെ പണി. ഒരു യാത്രയ്ക്കിടയില്‍ അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിയതും വാഹനത്തിനുള്ളില്‍ ഇരുന്ന വളര്‍ത്തു നായ്ക്കളിലൊന്ന് സെന്‍ട്രല്‍ ലോക്കിംഗ് ബട്ടണില്‍ അമര്‍ത്തി കാര്‍ ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട്, ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം നായ്ക്കള്‍ തന്നെ ഡോറ് തുറന്നു കൊടുത്തപ്പോഴാണ് ഇദ്ദേഹത്തിന് അകത്ത് കയറാനായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുകെയിലെ നോര്‍ഫോക്കിലെ ഡെറെഹാമില്‍ താമസിക്കുന്ന 31 കാരനായ പീറ്റര്‍ മാക്കന്‍, തന്റെ സഹായം തേടിയ ഒരു ഉപഭോക്താവിന്റെ അടുത്തേക്ക് പോകുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത സംഭവങ്ങള്‍ നേരിട്ടത്. യാത്രക്കിടയില്‍ ടയറുകളില്‍ വായു നിറയ്ക്കാന്‍ ഒരു സര്‍വീസ് സ്റ്റേഷനില്‍ പീറ്റര്‍ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങിയതായിരുന്നു. ഈ സമയം വാഹനത്തിന് ഉള്ളില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ബെല്ലാ എന്നും വിന്നീ എന്നു പേരുള്ള രണ്ട് വളര്‍ത്ത് നായ്ക്കളിലെ ഫ്രഞ്ച് ബുള്‍ഡോഗ് കാറിന്റെ സെന്‍ട്രല്‍ ലോക്ക് ബട്ടണ്‍ അമര്‍ത്തി. ഇതോടെ കാര്‍ ലോക്ക് ആയി. പീറ്റര്‍ പുറത്തും നായ്ക്കള്‍ കാറിന് അകത്തുമായി.
ഇതിന് പിന്നാലെ നായ്ക്കളും പീറ്ററും ഒരു പോലെ അസ്വസ്ഥരായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂട്ട് തുറക്കാന്‍ അദ്ദേഹം ഏറെ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം വീണ്ടും നായ്ക്കള്‍ തന്നെ കാര്യങ്ങള്‍ ഏറ്റെടുത്തു. അബദ്ധത്തില്‍ വീണ്ടും നായ്ക്കളുടെ കാല് ലോക്ക് ബട്ടണില്‍ തട്ടി, പിന്നാലെ കാറിന്റെ ലോക് മാറി ഡോര്‍ തുറന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വാര്‍ത്തയായതോടെ നിരവധി പേരാണ് പീറ്ററെ പരിഹസിച്ചും അദ്ദേഹത്തിന്റെ നായകളെ അഭിനന്ദിച്ചും അഭിപ്രായ പ്രകടനം നടത്തിയത്. ഇനി പൂട്ട് തുറക്കാന്‍ ആവശ്യമുള്ളവര്‍ പീറ്ററെ അല്ല അദ്ദേഹത്തിന്റെ നായ്ക്കളെ സമീപിക്കണമെന്നായിരുന്നു ചിലരുടെ തമാശ.