ലണ്ടന്‍: കാഴ്ചയില്‍ ഒരു പ്രേതകഥയിലെ ബംഗ്ലാവ് പോലെ തോന്നുന്ന മധ്യകാലഘട്ടത്തിലെ ഒരു ബംഗ്ലാവ് യുകെയില്‍ വില്പനയ്ക്ക്. 700 വര്‍ഷം പഴക്കമുള്ള റിപ്ലി കോട്ടയാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. വില അത്ര ചെറുതല്ല, 225 കോടി രൂപയാണ് വില ഈ കോട്ടയ്ക്ക് ഇട്ടിരിക്കുന്ന വില. ഇംഗ്ലണ്ടിലെ നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ഹാരോഗേറ്റിന് സമീപത്താണ് ഈ റിപ്ലി കോട്ട സ്ഥിതി ചെയ്യുന്നത്. നിശ്ചയിച്ച വിലയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് ലണ്ടന്‍ നഗരത്തിന് പുറത്ത് നടക്കുന്ന ഏറ്റവും ചെലവേറിയ കച്ചവടമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബംഗ്ലാവോടൊപ്പം നിങ്ങളെ കാത്തിരിക്കുന്നത് 445 ഏക്കര്‍ സ്ഥലം കൂടിയാണ്. ഒപ്പം മറ്റ് ചിലത് കൂടിയുണ്ട്. സ്വന്തമായൊരു തടാകം അതില്‍ ഓടുന്ന ബോട്ടുകള്‍, ഒരു പബ്ബ്, ഒരു ഹെലിപാട്, വിശാലമായ പാര്‍ക്കിംഗ് ലോട്ട്, ഒരു ഹോട്ടല്‍, ഒരു ചായ മുറി, ഒരു ഗിഫ്റ്റ് ഷോപ്പ് ഇതിനെല്ലാം പുറമെ ഒരു വിവാഹ വേദിയും. ഇവയ്‌ക്കെല്ലാം ചേര്‍ത്താണ് 225 കോടി രൂപയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വസ്തുവിനെ ഒമ്പത് ഭാഗങ്ങളായി ഗിച്ചിരിക്കുകയാണെന്നും ഇതെല്ലാം കൂടി ഒന്നിച്ചോ, അതല്ലെങ്കില്‍ ഓരോന്നായോ വാങ്ങാന്‍ കഴിയുമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ ഉടമസ്ഥനായ സര്‍ തോമസ് ഇംഗില്‍ബി, ഭാര്യ ലേഡി ഇംഗില്‍ബിക്കൊപ്പം പതിറ്റാണ്ടുകളായി ഈ കോട്ടയിലാണ് താമസിച്ചിരുന്നത്. 1308 -ല്‍ സര്‍ തോമസ് ഇംഗില്‍ബി (1290-1352) അനന്തരാവകാശിയായ എഡെലിന്‍ ത്വെന്‍ഗെയെ വിവാഹം കഴിക്കുകയും സ്ത്രീധനത്തിന്റെ ഭാഗമായി സ്വത്ത് സ്വന്തമാക്കുകയും ചെയ്തു. അന്ന് മുതല്‍ ഈ എസ്റ്റേറ്റ് ഇംഗില്‍ബി കുടുംബത്തിന്റെ കൈവശമാണ്. ഒരു കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും സര്‍ തോമസ് ഇംഗില്‍ബിയുടെ മകന്‍ തോമസ്, എഡ്വേര്‍ഡ് മൂന്നാമന്‍ രാജാവിന്റെ ജീവന്‍ രക്ഷിച്ചു. അദ്ദേഹത്തിന്റെ ധൈര്യത്തെ മുന്‍നിര്‍ത്തി തോമസിന് നൈറ്റ് പദവി നല്‍കി ആദരിച്ചിരുന്നു. അങ്ങനെ ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച ബംഗ്ലാവാണ് റിപ്ലി ബംഗ്ലാവ്. ഇപ്പോഴത്തെ ഉടമ സര്‍ തോമസ് ഇംഗില്‍ബിയും ഭാര്യയും ഏതാണ്ട് അമ്പത് വര്‍ഷത്തോളമായി ഈ ബംഗ്ലാവ് സംരക്ഷിച്ച് കൊണ്ട് പോകുന്നു. ഒടുവില്‍ തങ്ങളുടെ ബംഗ്ലാവ് വില്‍ക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.