വെയില്‍സ്: 18 മാസത്തിന് ശേഷവും അമ്മയുടെയും മകളുടെയും വിയോഗത്തിന്റെ വേദനയില്‍ നിന്ന് മുക്തനായിട്ടില്ല നീത്ത് സ്വദേശിയായ റോബ് ഹാള്‍. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ കാണാനാണ് 2023 ജൂണില്‍ റോബ് ആശുപത്രിയിലേക്ക് പോയത്. റോബിന്റെ ഭാര്യ ഗ്വെന്‍ അമ്മായിയമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. അന്നേ ദിവസം ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ കാറിടിച്ചാണ് റോബിന്റെയും ഗ്വെന്റെയും എട്ടുമാസം പ്രായമുള്ള മകള്‍ മരിച്ചത്. റോബും സഹോദരനും കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് നടക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. 71കാരിയായ ബ്രിഡ്ജറ്റ് കര്‍ട്ടിസ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. കാറിടിച്ച് റോബ് ഹാള്‍ തെറിച്ചു വീണു. കുഞ്ഞിരുന്ന മാബ്ലിക്ക് ഗുരുതരമായി പരുക്കേറ്റു.
''പെട്ടെന്ന് ഒരു ഭയങ്കര ശബ്ദം കേട്ടു. അടുത്ത നിമിഷം വെളുത്ത കാര്‍ വായുവില്‍ പറക്കുന്നത് കണ്ടു. ഞാന്‍ പാര്‍ക്കിങ് ബേയിലേക്ക് തെറിച്ചു വീണു. എനിക്ക് മോളെ കാണാന്‍ കഴിഞ്ഞില്ല. അടുത്തതായി ഓര്‍ക്കുന്നത് ആരോ മാബ്ലിയുടെ ശരീരവുമായി നടന്നുപോകുന്നതാണ്. എനിക്ക് അത് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല ' - റോബ് ഓര്‍ക്കുന്നു. കുഞ്ഞിനെ എയര്‍ലിഫ്റ്റ് ചെയ്ത് കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലെത്തിച്ചെങ്കിലും നാലു ദിവസത്തിനുശേഷം മരിച്ചു. അപകടത്തില്‍പ്പെട്ട കുഞ്ഞിനെ കാണാന്‍ 100 മൈല്‍ അകലെയുള്ള കാര്‍ഡിഫിലേക്ക് പോകേണ്ടി വന്നതിനാല്‍ അമ്മയുടെ അവസാന നിമിഷങ്ങള്‍ക്കൊപ്പം കൂടെ ഉണ്ടാകാന്‍ റോബ് ഹാളിനു കഴിഞ്ഞില്ല.
റോബ് ഹാളും ഭാര്യയും കുഞ്ഞിനെ കാണാന്‍ ബ്രിസ്റ്റോളിലെത്തി. ഡോക്ടര്‍മാര്‍ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് അറിയിച്ചു. ''അമ്മയ്ക്ക് അവസാനമായി ഫെയ്സ്ടൈം കോള്‍ ചെയ്തു. കുഞ്ഞിന്റെ അവസ്ഥയെക്കുറിച്ച് അമ്മയോട് പറഞ്ഞില്ല. രണ്ടു മണിക്കൂറിനുശേഷം അമ്മ മരിച്ചു. അന്നേ ദിവസം ഡോക്ടര്‍മാര്‍ കുഞ്ഞ് മരിച്ചതായി അറിയിച്ചു. മാബ്ലിയുടെ സഹോദരങ്ങള്‍ അവസാനമായി കാണാന്‍ വന്നു '' - റോബ് പറഞ്ഞു. കുഞ്ഞിന്റെ ശവസംസ്‌കാരം റോബ് ഹാളിന്റെ അമ്മയുടെ ശവസംസ്‌കാരത്തിന് ഒരു ദിവസം മുന്‍പായിരുന്നു. കുഞ്ഞിന്റെ മരണത്തിന് 18 മാസത്തിനുശേഷം കഴിഞ്ഞ മാസമാണ് കര്‍ട്ടിസിനെ ശിക്ഷിച്ചത്. അപകടകരമായ ഡ്രൈവിങ്ങിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കര്‍ട്ടിസിന് നാലുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. 18 മാസത്തിന് ശേഷം ഇതാദ്യമായാണ് റോബ് അപകടത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത്.